കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ല

കൊല്‍ക്കത്ത: കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ മറുപടി പ്രസംഗത്തില്‍ യെച്ചൂരി വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന പ്ലീനം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ സമാപിച്ചു. കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തെ കേരള ഘടകം പ്ലീനത്തില്‍ ശക്തമായി എതിര്‍ത്തിരുന്നു.
കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കുമെന്ന മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഇന്നലത്തെ പരാമര്‍ശത്തിനു കടകവിരുദ്ധമായിരുന്നു യെച്ചൂരിയുടെ മറുപടി. കോണ്‍ഗ്രസ്സുമായി ഒരു സഖ്യത്തിനുമില്ലെന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താന്‍ പ്ലീനം സഹായിക്കും. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തിരഞ്ഞെടുപ്പുകളില്‍ ശക്തമായ ബദല്‍ മുന്നോട്ടുവയ്ക്കും. ജനകീയ അടിത്തറയുള്ള വിപ്ലവപ്പാര്‍ട്ടിയായി സിപിഎമ്മിനെ മാറ്റുന്നതിനു പ്ലീനത്തോടെ തുടക്കമായി. പാര്‍ട്ടിക്കു മുന്നില്‍ നിരവധി വെല്ലുവിളികളുണ്ടെങ്കിലും അതെല്ലാം പുതിയ അവസരങ്ങളാണെന്നും യെച്ചൂരി പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും ലംഘിച്ചാണ് ബിജെപി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. വര്‍ഗീയതയെ നേരിടാന്‍ ശക്തി പകരുന്നതാണ് പ്ലീനം. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പാര്‍ട്ടിയുടെ വിജയത്തിന് അഖണ്ഡത അനിവാര്യമാണ്. പാര്‍ട്ടിക്കുള്ളിലെ വ്യതിയാനങ്ങള്‍ ചെറുക്കണമെന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു സഖ്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
പ്ലീനത്തില്‍ വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. സംഘടനാ റിപോര്‍ട്ടിനും സംഘടനാ പ്രമേയത്തിനും പ്ലീനം അംഗീകാരം നല്‍കി. പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ചില ഭേദഗതികളും പ്ലീനം അംഗീകരിച്ചു. സംഘടനാ റിപോര്‍ട്ടിനു പിബി അംഗം പ്രകാശ് കാരാട്ട് മറുപടി നല്‍കി. വിവിധ സംസ്ഥാന സമിതികളെയും വര്‍ഗ-ബഹുജന സംഘടനകളെയും പ്രതിനിധാനം ചെയ്ത് 440 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുത്തത്. നാലു ഭാഗങ്ങളുള്ള പ്ലീനം റിപോര്‍ട്ടിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ 62 പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it