Idukki local

കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍; തമ്മിലടി മുതലാക്കാന്‍ ഇടതുപക്ഷം

കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാന്‍ വനിതകളുടെ പോര് മുറുകുന്നു.ഉപ്പുതറ, വളകോട് ഡിവിഷനുകളില്‍ യു.ഡി.എഫിലുണ്ടായ പൊട്ടിത്തെറി പദവിയെച്ചൊല്ലിയുള്ളതാണെന്നു എതിരാളികള്‍ ആക്ഷേപിക്കുന്നു.രണ്ടിടത്തും കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസി(എം)ന്റെയും ഔദ്യോഗിക ചിഹ്‌നത്തില്‍ വനിതാ സ്ഥാനാര്‍ഥികള്‍ പ്രചരണം പൊടിപൊടിക്കുകയാണ്. കഴിഞ്ഞ തവണ യു.ഡി.എഫ് അധികാരത്തിലേറിയ ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ ഇടതുമുന്നണിയും കരുക്കള്‍നീക്കുന്നു.ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രാദേശിക ഘടകങ്ങളുടെ പിന്തുണ ഗുണകരമാകുമെന്നാണ് ഇടത് കണക്കുകൂട്ടല്‍.
കാഞ്ചിയാര്‍ ഡിവിഷനിലേയ്ക്ക് മൂന്നു സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇടതുപക്ഷത്തു നിന്ന് കാഞ്ചിയാര്‍ രാജനാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പം നിന്ന ഡിവിഷന്‍ പിടിക്കാനുള്ള ശ്രമം ജോയി തോമസിനെ ഇറക്കി പ്രതിരോധിക്കാനാണ് യു.ഡി.എഫ് നീക്കം. ബി.ജെ.പി സ്ഥാനാര്‍ഥി ജിജികുമാറും വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ വലതിനൊപ്പം നിന്ന ഇരട്ടയാര്‍ ഡിവിഷനില്‍ ജോസ്‌ന ജോബിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ രംഗത്തുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ത്രേസ്യാമ്മ മാത്യുവും ബി.ജെ.പി സ്ഥാനാര്‍ഥി സന്ധ്യ ജയകുമാറും ഇവിടെ കളത്തിലുണ്ട്. ചെമ്പകപ്പാറ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായ ലില്ലിക്കുട്ടി ആന്റണിയെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥി കുട്ടിയമ്മ സെബാസ്റ്റിയനിലൂടെ സീറ്റു പിടിപ്പിക്കാന്‍ എല്‍.ഡി.എഫും ഓമന ചന്ദ്രനിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്.
തോട്ടം മേഖലയായ വണ്ടന്‍മേട്ടില്‍ ശക്തി വീണ്ടും തെളിയിക്കാനായി സി.പി.എം പ്രതിനിധി സന്ധ്യ രാജയെയാണ് ഇടതുപക്ഷം മത്സരിപ്പിക്കുന്നത്.
കഴിഞ്ഞ തവണ ഇടതുപക്ഷം വിജയിച്ച ഡിവിഷന്‍ പിടിച്ചടക്കാന്‍ പാര്‍വതി മുത്തുകുമാറിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ബിന്ദു സജീവാണ് ബി.ജെ.പി സ്ഥാനാര്‍ഥി. കൊച്ചറ ഡിവിഷനില്‍ ജോബന്‍ പാനോസിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രാദേശിക ഘടകമായ വികസന സമിതിയുടെ സ്ഥാനാര്‍ഥി കൊച്ചറ മോഹനന്‍ നായര്‍ക്ക് പിന്തുണ നല്‍കി വിജയിപ്പിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമം.ഷാജിമോന്‍ പീതാംബരനാണ് ബി.ജെ.പിയുടെ സാരഥി.കടശിക്കടവ് ഡിവിഷനില്‍ സാബു ജോണിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമ്പോള്‍ ഈ സീറ്റ് പിടിച്ചെടുക്കാനായി കെ.എം. അനുവിനെയാണ് സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്.
മത്തായി ചാണ്ടിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. ചക്കുപള്ളത്ത് കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി രാരിച്ചന്‍ നീറണാക്കുന്നേലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐയുടെ ജിജി കെ ഫിലിപ്പിനെ രംഗത്തിറക്കുന്നു.
ആനവിലാസം ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ ബിജു ബേബിയും സി.പി.എമ്മിന്റെ എ രാജേഷും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. കഴിഞ്ഞ തവണ ബാബു തോമസിലൂടെ യു.ഡി.എഫിനൊപ്പം നിന്ന കല്‍ത്തൊട്ടി ഡിവിഷന്‍ ഇത്തവണ എല്‍സമ്മ ആന്റണിയിലൂടെ നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി സാലി ജോളിയിലൂടെ ഇവിടം പിടിച്ചടക്കാനാണ് എല്‍.ഡി.എഫിന്റെ കഠിനപ്രയത്‌നം. വിദ്യയെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്.
അയ്യപ്പന്‍കോവിലിലെ ആധിപത്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ രാജേന്ദ്രന്‍ ഭാസ്‌കരനെയാണ് യു.ഡി.എഫ് കളത്തില്‍ ഇറക്കിയിരിക്കുന്നത്. സി.പി.ഐയുടെ ഷാജി മാത്യുവിലൂടെ വിജയിക്കാനാകുമെന്നാണ് ഇടത് പ്രതീക്ഷ.
ആറുപേര്‍ മത്സരിക്കുന്ന ഉപ്പുതറ ഡിവിഷനിലാണ് ഈ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. യു.ഡി.എഫിന്റെ മുന്നണി സമവാക്യങ്ങള്‍ തകിടം മറിഞ്ഞ ഇവിടെ കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസി(എം)ന്റെയും ഔദ്യോഗിക ചിഹ്‌നങ്ങളിലാണ് വനിതകളുടെ പോരാട്ടം. കോണ്‍ഗ്രസില്‍ നിന്ന് ഇന്ദിര ശ്രീനിവാസനും കേരള കോണ്‍ഗ്രസി(എം)ല്‍ നിന്ന് പി പഞ്ചമിയുമാണ് മത്സരിക്കുന്നത്.
നിലവില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തുള്ള പഞ്ചമി കേരള കോണ്‍ഗ്രസി(എ)ന്റെ സീറ്റിലാണ് മത്സരിക്കുന്നത്. യു.ഡി.എഫിലെ തമ്മിലടി സി.പി.എം സ്ഥാനാര്‍ഥി ബീന സുരേന്ദ്രന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
ബി.ജെ.പി സ്ഥാനാര്‍ഥിയായി അജിതയും സ്വതന്ത്ര സ്ഥാനാര്‍ഥി മിനി വര്‍ഗീസും ഇവിടെ മത്സരരംഗത്തുണ്ട്. സി.പി.എം പ്രതിനിധി വാവച്ചന്‍ ജോസഫ് കഴിഞ്ഞ തവണ വിജയിച്ച പശുപ്പാറ ഡിവിഷന്‍ ടി ടി സ്മിതയിലൂടെ നിലനിര്‍ത്താനാണ് എല്‍.ഡി.എഫിന്റെ ശ്രമം. കോണ്‍ഗ്രസിന്റെ അമ്പിളി സലിയും ബി.ജെ.പിയുടെ ശാന്തിയുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. നാലുപേര്‍ മത്സരിക്കുന്ന വളകോട് ഡിവിഷനിലും യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടായി. കോണ്‍ഗ്രസിന്റെ പേരില്‍ ഇന്ദിര ചന്ദ്രമോഹന്‍ദാസും കേരള കോണ്‍ഗ്രസി(എം)ന്റെ പ്രതിനിധിയായി ഡെയ്‌സി സാബുവും മത്സരരംഗത്തുണ്ട്.
സി.പി.ഐ പ്രതിനിധി ആശ ആന്റണിയാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ഇവര്‍ക്കെതിരെ മത്സരിക്കുന്ന ബിന്ദു സജിയിലൂടെ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it