കോണ്‍ഗ്രസ്സില്‍ പരസ്യപ്രസ്താവനകള്‍ക്കു കര്‍ശന വിലക്ക്; പുനസ്സംഘടന ഉടനില്ല

കെ എ സലിം

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാവില്ല. പുനസ്സംഘടന വൈകും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃനിരയിലുണ്ടായ തമ്മിലടി പരിഹരിക്കാന്‍ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പുനസ്സംഘടന ഉടന്‍ വേണ്ടെന്ന ധാരണയിലാണ് കൂടിക്കാഴ്ച അവസാനിച്ചത്. എന്നാല്‍, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവ പുനസ്സംഘടിപ്പിക്കും.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വി എം സുധീരനെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗ്രൂപ്പുകള്‍ പ്രത്യക്ഷത്തില്‍ ഉന്നയിച്ചില്ലെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനു മുമ്പാകെ വച്ചത്. അതേസമയം, സംസ്ഥാനത്തെ നേതാക്കളുടെ പരസ്യപ്രസ്താവനകളില്‍ രാഹുല്‍ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരസ്യപ്രസ്താവന നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയ ഹൈക്കമാന്‍ഡ്, നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുനല്‍കി. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം, ഗ്രൂപ്പ് വീതംവയ്പിലൂടെ സ്ഥാനങ്ങള്‍ ഏറ്റെടുത്ത് നിര്‍ജീവാവസ്ഥയില്‍ കഴിയുന്നവരെ തിരഞ്ഞുപിടിച്ച് പുറത്താക്കണം തുടങ്ങിയ നിര്‍ദേശങ്ങളും രാഹുല്‍ നല്‍കി.
ഇന്നലെ വൈകീട്ട് അഞ്ചിന് രാഹുല്‍ഗാന്ധിയുടെ വസതിയില്‍ വി എം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും പങ്കെടുത്തു. യുവനേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രധാന നിര്‍ദേശം. യുവാക്കളെ കൂടുതലായി നേതൃനിരയിലെത്തിക്കണം. പാര്‍ട്ടിയിലെ എല്ലാതലങ്ങളിലും യുവാക്കളെ കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു. സംസ്ഥാന കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം ഉടനുണ്ടാവില്ലെന്നും ഇക്കാര്യം സുപ്രധാന വിഷയമായിരുന്നില്ലെന്നും യോഗത്തിനുശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു.
ചര്‍ച്ചകളില്‍ നേതൃമാറ്റം ഉയര്‍ന്നുവന്നിട്ടില്ല. ഇക്കാര്യം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിക്കും. സംസ്ഥാനത്തു പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാണു നടന്നത്. ഉചിതമായ സമയത്തു പാര്‍ട്ടിയില്‍ അടിമുടി മാറ്റംവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, താന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. തുടര്‍ചര്‍ച്ചകള്‍ക്കുശേഷം അന്തിമതീരുമാനം ഉണ്ടാവുമെന്നാണു സൂചന. മൂന്നു നേതാക്കളും ഇന്നലെ എ കെ ആന്റണിയുമായി വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തുകയുണ്ടായി. വി എം സുധീരനും ഉമ്മന്‍ചാണ്ടിയും പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയെ കണ്ടും വിവരങ്ങള്‍ ധരിപ്പിച്ചു.
ഇതിനിടെ ഡല്‍ഹിയിലെത്തിയ മറ്റൊരു നേതാവ് കെ സുധാകരനും സോണിയയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചുനിന്നതോടെയാണ് സമവായമുണ്ടാക്കാന്‍ രാഹുല്‍ഗാന്ധി നേതാക്കളുടെ യോഗംവിളിച്ചത്. എന്നാല്‍, ഗ്രൂപ്പിന് അതീതമായി പാര്‍ട്ടിയില്‍ പുനസ്സംഘടന വേണമെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനിന്നു. ഇന്നലെ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കു മുമ്പായി മൂന്നുമണിയോടെ കേരളഹൗസിലെ അടച്ചിട്ട മുറിയില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചര്‍ച്ചനടത്തി.
Next Story

RELATED STORIES

Share it