കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുവഴക്കുകളുടെ കാലം അവസാനിക്കുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുവഴക്കുകളുടെയും കിടമല്‍സരത്തിന്റെയും കാലം അവസാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തശേഷം തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രൂപ്പുമല്‍സരങ്ങള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണിത്. പാര്‍ട്ടിയില്‍ ഒരു പുതിയ അധ്യായം തുറക്കപ്പെടുകയാണ്. എ കെ ആന്റണിക്കുശേഷം കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനം കൈകാര്യം ചെയ്തുവന്നിരുന്ന ഉമ്മന്‍ചാണ്ടിയാണ് തന്റെ പേര് ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഉമ്മന്‍ചാണ്ടിയുടേത് അസാധാരണ നടപടിയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ആവശ്യപ്പെട്ടില്ല.
തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ത്തന്നെ നേതൃസ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ സന്ദേശമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം കൈമാറിയത്. അത് ഏറ്റവും ഉള്‍ക്കൊള്ളേണ്ടത് താനാണ്. ഉമ്മന്‍ചാണ്ടി പിന്‍മാറിയതിനാലാണ് പ്രതിപക്ഷ നേതൃപദവി തനിക്ക് ലഭിച്ചത്. അത്‌കൊണ്ടുതന്നെ ഉമ്മന്‍ചാണ്ടി കാണിച്ച മാതൃക പൂര്‍ണമായി ഉള്‍ക്കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഏകശിലാവിഗ്രഹംപോലെ സംരക്ഷിക്കും.
കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടി പ്രതിപക്ഷം മുന്നോട്ടുപോവും. അദ്ദേഹത്തെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ആശയം താന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അദ്ദേഹം അതിനോട് വൈമനസ്യം പുലര്‍ത്തുന്നെങ്കിലും വീണ്ടും ആ നിര്‍ദേശം ഉന്നയിക്കും. താന്‍ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ഗ്രൂപ്പിന്റെ അതിപ്രസരമില്ലാതെയാണ് മുന്നോട്ടുപോയത്. ഐ ഗ്രുപ്പ് ഇനിയുണ്ടാവില്ലല്ലോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ചിന്തിക്കേണ്ടതില്ലെന്നായിരുന്നു മറുപടി. ഭാരിച്ച ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സിന് അധികാരമില്ലാത്ത ഇത്തരം അപൂര്‍വ സാഹചര്യത്തില്‍ ഈ ചുമതലയുടെ പ്രാധാന്യം വര്‍ധിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇത്രയും കുറഞ്ഞ സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കുന്നത് അപൂര്‍വമാണ്. അടുത്ത നാലിനും അഞ്ചിനും ചേരുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി തിരുത്തലുമായി മുന്നോട്ടുപോവും. എല്ലാവര്‍ക്കും പരാജയത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്തതില്‍ മുരളി പ്രതിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഹരിപ്പാട്ട് ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.
Next Story

RELATED STORIES

Share it