കോണ്‍ഗ്രസ്സില്‍ കലാപം; കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷനെതിരേ കോണ്‍ഗ്രസ് വിമതന്‍

മട്ടാഞ്ചേരി: യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷനെതിരേ കൊച്ചി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ മല്‍സരിക്കും. മുന്‍ ജില്ലാപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ ജെ ലീനസ് ആണ് കോണ്‍ഗ്രസ് വിമതനായി മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നത്.
കൊച്ചിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ വീണ്ടും വരുന്നതിനെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ്സുകാര്‍ എതിര്‍ത്തിരുന്നു.
എ ഗ്രൂപ്പുകാരനായിട്ടും കൊച്ചിയിലെ എ വിഭാഗം കൈവിട്ടിട്ടും ഉമ്മന്‍ ചാണ്ടിയുടെ ഒറ്റ ബലത്തിലാണ് പട്ടികയില്‍ ഡൊമിനിക് പ്രസന്റേഷന്‍ അവസാന നമിഷം കയറിക്കൂടിയത്. ആറാം വട്ടമാണ് ഡൊമിനിക് പ്രസന്റേഷന്‍ മല്‍സരിക്കുന്നത്. ഇതും കൊച്ചിയിലെ കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കി.
കൊച്ചിയിലെ രാഷ്ട്രീയ നേതാക്കളുടെ ഉയര്‍ച്ച ഹാര്‍ബര്‍ പാലത്തിനിപ്പുറം തളച്ചിട്ടിരിക്കുകയാണെന്ന വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും കൊച്ചിയെ പ്രതിനിധീകരിച്ചത് കൊച്ചിക്കാരായിരുന്നില്ല എന്നതാണ് ഇതിന് കാരണം. ഈ ജനവികാരം മനസ്സിലാക്കിയാണ് ഇത്തവണ നാട്ടുകാരനായ കെ ജെ മക്‌സിയെ സിപിഎം രംഗത്തിറക്കിയത്. കോണ്‍ഗ്രസ് വിമതനായി മല്‍സര രംഗത്തെത്തിയിരിക്കുന്ന കെ ജെ ലീനസിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പിന്തുണ ലഭിച്ചിട്ടുണ്ട്. രണ്ടു മുന്‍ കൗണ്‍സിലര്‍മാരും പഞ്ചായത്തംഗവും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കോട്ടയായ കുമ്പളങ്ങിയിലും ചെല്ലാനം പഞ്ചായത്തിലും ലീനസിന് ശക്തമായ അടിത്തറയുണ്ട്. മല്‍സരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ ജെ ലീനസ് വ്യക്തമാക്കി.
ലീനസ് നിലപാടില്‍ ഉറച്ചുനിന്നാല്‍ ഇവിടെ ജയിക്കാന്‍ ഡൊമിനിക് പ്രസന്റേഷന്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. ഇതിനിടെ അദ്ദേഹത്ത പിന്‍മാറ്റാനുളള ശ്രമം നേതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.
Next Story

RELATED STORIES

Share it