കോണ്‍ഗ്രസ്സിലെ അനൈക്യം; സോണിയ ഗാന്ധി അതൃപ്തി അറിയിച്ചെന്ന് സ്ഥിരീകരിച്ച് കെപിസിസി സര്‍ക്കുലര്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്സിനുള്ളിലെ തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചുവെന്ന് സ്ഥിരീകരിച്ച് കെപിസിസി സര്‍ക്കുലര്‍. അച്ചടക്കലംഘനം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചതായി കാണിച്ച് കീഴ്ഘടകങ്ങള്‍ക്ക് കെപിസിസി സര്‍ക്കുലര്‍ നല്‍കി. നയപരമായ തീരുമാനങ്ങളെ നേതാക്കള്‍ പരസ്യമായി എതിര്‍ക്കരുതെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഏഴു നിര്‍ദേശങ്ങളാണ് സര്‍ക്കുലര്‍ മുന്നോട്ടു വയ്ക്കുന്നത്.
സര്‍ക്കാരും പാര്‍ട്ടിയും യുഡിഎഫും കൈക്കൊള്ളുന്ന നയപരമായ തീരുമാനങ്ങളില്‍ വിവാദ പ്രസ്താവനകള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ കെപിസിസി പ്രസിഡന്റിനെയോ മുഖ്യമന്ത്രിയെയോ നേരിട്ട് അറിയിച്ചു പരിഹാരം നേടണം. പ്രാദേശിക തലങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകളും പ്രചാരണങ്ങളും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധിക്കണം. ദൃശ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോവുന്നവര്‍ കെപിസിസി പ്രസിഡന്റിനെ മുന്‍കൂട്ടി അറിയിക്കുകയും പ്രസ്തുത വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് മനസ്സിലാക്കുകയും വേണം. സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് പാര്‍ട്ടിയുടെ പൊതുനയത്തിനും സമീപനത്തിനും തീരുമാനങ്ങള്‍ക്കും അനുസൃതമായിട്ടാവണം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രകടിപ്പിക്കരുത്. ഗ്രൂപ്പ് യോഗങ്ങളോ, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളോ ഒരാളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ല. സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും ജീവിതരീതിയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഭാഗത്തു നിന്ന് ഉണ്ടാവരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
കഴിഞ്ഞ 30ന് കോട്ടയത്ത് സോണിയ ഗാന്ധിയുമായി മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയിലെ ഐക്യത്തിന് കോട്ടം വരുത്തുന്ന പ്രവണതകളില്‍ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചിരുന്നു.
പലതലത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, വിവാദപരമായ പരസ്യ പ്രസ്താവനകള്‍ തുടങ്ങി പാര്‍ട്ടിക്ക് ദോഷകരമായ സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് സോണിയ നിര്‍ദേശിച്ചു.
ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയുടെ സ്വീകാര്യത കുറയുന്ന യാതൊരു പ്രവര്‍ത്തനങ്ങളും ഉണ്ടാവരുതെന്നും അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും സര്‍ക്കുലറില്‍ പറയുന്നു. കെപിസിസി ഭാരവാഹികള്‍, വക്താക്കള്‍, ഡിസിസി, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടേയും സെല്ലുകളുടേയും പ്രസിഡന്റുമാര്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്.
Next Story

RELATED STORIES

Share it