Pathanamthitta local

കോണ്‍ഗ്രസ്സിലും സിപിഎമ്മിലും അച്ചടക്ക നടപടി തുടരുന്നു

പത്തനംതിട്ട: സ്‌നേഹവാക്കുകള്‍ മാറ്റിവച്ച് വിമതര്‍ക്കെതിരേ ഇടതു-വലതു മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാന പാര്‍ട്ടികള്‍ നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാര്‍ട്ടിയിലെ പ്രധാന പ്രവര്‍ത്തകരും ഭാരവാഹികളുമടക്കം ഒരു ഡസനില്‍ അധികം ആളുകളെ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി.
ആറന്‍മുള ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതരായി മല്‍സരിക്കുന്ന സുധാ സുരേഷ് (10ാം വാര്‍ഡ്), സുഷമ (13ാം വാര്‍ഡ്), ലാലി മാത്യു (ഒമ്പതാം വാര്‍ഡ്), രമണി എഴിക്കാട് (16ാം വാര്‍ഡ്), മാത്യു ശാമുവല്‍ (11ാം വാര്‍ഡ്), രമണി വല്ലന (13ാം വാര്‍ഡ്) എന്നിവരെയാണ് ഇന്നലെ പുറത്താക്കിയത്.
ഇവരെ ആറുവര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് അറിയിച്ചു.
അടൂരില്‍ ഏറത്ത് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ റിബലായി മല്‍സരിക്കുന്ന ഒന്നാം വാര്‍ഡില്‍ മല്‍സരിക്കുന്ന ഉമ്മന്‍ ചെറിയാന്‍, നാലാം വാര്‍ഡില്‍ മല്‍സരിക്കുന്ന ജോര്‍ജ് മാത്യു, വി പ്രസന്നന്‍, 14ാം വാര്‍ഡില്‍ മല്‍സരിക്കുന്ന ജി ശാന്തന്‍പിള്ള എന്നിവരെയാണ് പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയത്. വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതയായി മല്‍സരിക്കുന്ന യമുന സുഭാഷിനെ ആറു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. യമുനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നാണ് സൂചന.
നിര്യാതനായ പഞ്ചായത്ത് മുന്‍ അംഗം ജോണ്‍സണ്‍ കോശിയുടെ ഭാര്യ ലിസി ജോണ്‍സണാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. യമുനയ്‌ക്കെതിരേ വാര്‍ഡ് പ്രസിഡന്റ് എം ആര്‍ രാജശേഖരന്‍ നായര്‍ കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിരുന്നു.പുറത്താക്കിയവര്‍ക്ക് ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും നഷ്ടമാവുമെന്ന് ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it