കോണ്‍ഗ്രസ്സിന്റെ മുഖ്യശത്രു ആര്‍എസ്എസ്: രാഹുല്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരിനെതിരേ സന്ധിയില്ലാസമരം നടത്തുമ്പോഴും ആര്‍എസ്എസ് ആണ് മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അങ്കമാലി അഡ്‌ലക്‌സ് സെന്ററില്‍ നടന്ന എന്‍എസ്‌യു ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന്റെ കളിപ്പാവയാണ് മോദി. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനെതിരേ സന്ധിയില്ലാസമരം ചെയ്യണമെന്നും രാഹുല്‍ പറഞ്ഞു. ആര്‍എസ്എസും ഇടതുപക്ഷവും തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ഇരു പക്ഷവും ശ്രമിക്കുന്നത്. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ഭാഷയാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ലോകത്തെ കുറിച്ച് അവരുടേതായ ധാരണ മാത്രമേ ഇരു കൂട്ടര്‍ക്കും ഉള്ളൂ. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്ത് ആര്‍എസ്എസ് ആശയം പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഏത് മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യം വേണം എന്നതാണ് കോണ്‍ഗ്രസ് നയം. ആര്‍എസ്എസ് പറയുന്ന വിവരക്കേടുകള്‍ അംഗീകരിച്ച് കൊടുക്കണം എന്നതാണ് അവരുടെ നിലപാട്. വിദ്യാര്‍ഥിസമൂഹത്തെ ഭീഷണിപ്പെടുത്തി തങ്ങളുടെ ആശയപ്രചാരകരാക്കി മാറ്റുക എന്നതാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്ന മാര്‍ഗം. രോഹിത് വെമുല ഇത്തരം അസഹിഷ്ണുതയുടെ ഇരയാണ്.
മോഹന്‍ ഭാഗവത് പറയുന്നത് അതേപടി അംഗീകരിക്കാന്‍ തയ്യാറായില്ല എന്നതാണ് വെമുലയും സുഹൃത്തുക്കളും ചെയ്ത തെറ്റ്. മെയ്ക് ഇന്‍ ഇന്ത്യയിലൂടെ എത്ര പേര്‍ക്ക് ജോലി നല്‍കുമെന്ന് മോദി വെളിപ്പെടുത്തണം. 1,40,000 കോടി രൂപയാണ് ആകെ റെയില്‍ ബജറ്റ്. എന്നാല്‍, കേവലം അയ്യായിരത്തോളം ആള്‍ക്കാര്‍ക്ക് മാത്രം പ്രയോജനം ചെയ്യുന്ന ബുള്ളറ്റ് ട്രെയിനിനു വേണ്ടി സര്‍ക്കാര്‍ ചെലവിടുന്നത് 98,000 കോടി രൂപയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it