കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുന്നത് കോണ്‍ഗ്രസ് തന്നെ; തിരഞ്ഞെടുപ്പ് കഴിയുംവരെ തമ്മിലടി നിര്‍ത്തണമെന്ന് രാഹുല്‍ഗാന്ധി

തിരുവനന്തപുരം: പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെതിരേ പരസ്യവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരസ്പരം തമ്മിലടിക്കാനുള്ള സമയമല്ലിതെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ തമ്മില്‍ത്തല്ല് നിര്‍ത്തണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. ഇന്ദിരാ ഭവനില്‍ കെപിസിസി വിശാല നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് വീണ്ടും ഭരണത്തിലെത്താനുള്ള സാഹചര്യം ഇല്ലാതാവുന്നെങ്കില്‍ അത് കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍കൊണ്ടുതന്നെയായിരിക്കും. സിപിഎമ്മിന് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുന്നത് കോണ്‍ഗ്രസ് തന്നെയായിരിക്കും. മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും നല്ല കഴിവുള്ളവരാണ്. ഒരാള്‍ക്കില്ലാത്ത കഴിവ് മറ്റൊരാള്‍ക്കുണ്ട്. എല്ലാവരും കൂടി ഒന്നിക്കുമ്പോഴാണ് കഴിവ് വര്‍ധിക്കുന്നത്. കുടുംബം പോലെ എല്ലാവരും പെരുമാറിയാല്‍ ഭരണത്തുടര്‍ച്ച ഉണ്ടാവും.
ജനപിന്തുണയും സ്വീകാര്യതയുമുള്ള നേതാക്കള്‍ നിരവധിയുള്ള കേരളത്തിലെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതകളുണ്ടാവാം. എന്നാല്‍, തിരഞ്ഞെടുപ്പിന്റെ ഒന്നോ രണ്ടോ മാസം മുമ്പ് എല്ലാവരും വഴക്ക് ഒഴിവാക്കണം. അതുകഴിഞ്ഞ് പരാതികളും പരിഭവങ്ങളും പറഞ്ഞുതീര്‍ക്കാം. വഴക്കു കേള്‍ക്കാന്‍ താനും വരാമെന്നും അദ്ദേഹം പറഞ്ഞു.
ഭരണനേട്ടത്തിന്റെ പിന്‍ബലത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സംഘപരിവാരം പിന്നോട്ടടിക്കുകയാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ജാതിയുടെയും മതത്തിന്റെയും പേരില്‍ സാമൂഹികസ്പര്‍ദ്ധ വളര്‍ത്താനാണു നരേന്ദ്ര മോദിയും കൂട്ടരും ശ്രമിക്കുന്നതെങ്കിലും തിരിച്ചടി നേരിടുകയാണ് അവര്‍. മുദ്രാവാക്യങ്ങളില്‍ അഭിരമിക്കുന്ന പ്രധാനമന്ത്രി യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഏറെ അകലെയാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സ്ഥാനാര്‍ഥിനിര്‍ണയം പ്രധാനമാണെന്ന് എ കെ ആന്റണി പറഞ്ഞു. ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. ജയസാധ്യതയുള്ളവരെ മല്‍സരിപ്പിച്ചാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന നേതാവ് വയലാര്‍ രവി, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എം എം ഹസന്‍, ശരത്ചന്ദ്ര പ്രസാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it