കോണ്‍ഗ്രസ്സിനെതിരേ മാണിയുടെ ഒളിയമ്പ്: പലരെയും വിശ്വസിക്കാന്‍ കഴിയില്ല

കോട്ടയം: കോണ്‍ഗ്രസ്സിനെതിരേ കെ എം മാണിയുടെ ഒളിയമ്പ്. രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കഴിയില്ല. പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണ യോഗത്തിലാണ് മാണി തുറന്നടിച്ചത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വേദിയിലിരിക്കെയാണ് മുന്നണിയിലെ കുതികാല്‍ വെട്ടിനെതിരേ മാണി ആഞ്ഞടിച്ചത്. കെട്ടിപ്പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്നവരാണ് അധികവും. ഇവരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് വിശ്വസിക്കാന്‍ കഴിയുന്നത്. കൂടെ നിന്നാല്‍ ചതിക്കില്ല. രണ്ടു മുഖമില്ലാത്ത ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും മാണി വ്യക്തമാക്കി.
സമവായത്തിന്റെ നേതാവാണ് കുഞ്ഞാലിക്കുട്ടി. തര്‍ക്കമുണ്ടായാല്‍ അത് പരിഹരിച്ച് രമ്യതയിലെത്തിക്കാന്‍ ശ്രമിക്കുന്ന വ്യക്തി കുഞ്ഞാലിക്കുട്ടി മാത്രമാണെന്നും മാണി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കേരളം മലിനമായിരിക്കുകയാണ്. സ്‌നേഹത്തിനും സമന്വയത്തിനും പകരം പകവീട്ടലാണ് നടക്കുന്നത്. അട്ടിമറി രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും മാണി കുറ്റപ്പെടുത്തി.
സരിതയെ ഉപയോഗിച്ചു സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍, ഇതു നടക്കില്ലെന്നും മാണി പറഞ്ഞു. പ്രൗഢി നഷ്ടപ്പെട്ട പാര്‍ട്ടിയായി സിപിഎം മാറിയ പാര്‍ട്ടിയെന്ന് കേട്ടാല്‍ അണികള്‍ ഹരം കൊള്ളുന്ന കാലം കഴിഞ്ഞെന്നും സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരിക്കുകയാണെന്നും മാണി പറഞ്ഞു. അക്രമരാഷ്ട്രീയം കൈവെടിയാത്ത സിപിഎമ്മിന് എങ്ങനെ നവകേരളം സൃഷ്ടിക്കാനാവുമെന്നും മാണി ചോദിച്ചു. സിപിഎമ്മുകാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും മാണി പറഞ്ഞു.
ബാര്‍ കോഴ ആരോപണം മുതല്‍ കേരള കോണ്‍ഗ്രസ്സിനോട് സര്‍ക്കാരിന് രണ്ടു നീതിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും കേരള കോണ്‍ഗ്രസിന്റെ അതൃപ്തി മാണി പരസ്യമായി പ്രകടിപ്പിച്ചത്.
Next Story

RELATED STORIES

Share it