ernakulam local

കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ ധാരണയായതായി സൂചന: മൂവാറ്റുപുഴയില്‍ എല്‍ദോസ് കുന്നപ്പിള്ളിയും പെരുമ്പാവൂരില്‍ ടി എം സക്കീര്‍ ഹുസയ്‌നും

മൂവാറ്റുപുഴ: നിയമസഭയിലേക്ക് മൂവാറ്റുപുഴയില്‍ എല്‍ദോസ് കുന്നപ്പിള്ളിയും പെരുമ്പാവൂരില്‍ ടി എം സക്കീര്‍ ഹുസയ്‌നും മല്‍സരിക്കാന്‍ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ ഏകദേശ ധാരണയായതായി സൂചന. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ മൂവാറ്റുപുഴ വിട്ട് ജോസഫ് വാഴയ്ക്കന്‍ കോട്ടയം ജില്ലയില്‍നിന്ന് മല്‍സരിക്കാന്‍ താല്‍പര്യമെടുത്തതിനു പിന്നാലെയാണ് പുതിയനീക്കം.
കഴിഞ്ഞ തവണ പെരുമ്പാവൂരില്‍ പരാജയപ്പെട്ട കെപിസിസി സെക്രട്ടറി ജെയ്‌സണ്‍ ജോസഫിന് ഇക്കുറി സീറ്റ് ലഭിക്കില്ല. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ അനുഗ്രഹാശിസ്സുകളോടെ പെരുമ്പാവൂരില്‍ മല്‍സരിക്കാന്‍ രംഗത്തിറങ്ങിയതോടെയാണ് കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായത്. എന്നാല്‍ പെരുമ്പാവൂര്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ എ വിഭാഗം തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ് അനുരഞ്ജന നീക്കങ്ങള്‍ സജീവമായത്. പെരുമ്പാവൂരില്‍ നിന്ന് ഇക്കുറി കെപിസിസി സെക്രട്ടറി സക്കീര്‍ ഹുസയ്‌നെ മല്‍സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാന്‍ എ ഗ്രൂപ്പ് സംസ്ഥാനതലത്തില്‍ നീക്കം നടത്തുകയായിരുന്നു. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിക്കു സീറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ പി പി തങ്കച്ചന്‍ ഉറച്ചുനിന്നതോടെയാണ് ജോസഫ് വാഴയ്ക്കന് താല്‍പര്യമില്ലാത്ത മൂവാറ്റുപുഴയില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ കളമൊരുങ്ങുന്നത്. ഇതോടെ സ്വന്തം തട്ടകത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ലഭിക്കാനാണ് സാധ്യത. യാക്കോബായ വിഭാഗത്തിന്റെ പിന്തുണയും പി പി തങ്കച്ചന്‍ എല്‍ദോസിന് ഉറപ്പാക്കിയെന്നാണ് വിവരം. മൂവാറ്റുപുഴയില്‍ തന്റെ നോമിനിക്കു സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂര്‍ എ വിഭാഗത്തിന് നല്‍കാന്‍ സമ്മതിക്കില്ലെന്ന് തങ്കച്ചന്‍ ഉറച്ചുനിന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രശ്‌നത്തില്‍ ഇടപെട്ടത്. ഐ വിഭാഗത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയും പുതിയ നീക്കത്തിനുണ്ടത്രെ. യാക്കോബായ സഭയുടെ പിന്തുണയുണ്ടെങ്കില്‍ പെരുമ്പാവൂരില്‍ സക്കീര്‍ ഹുസയ്‌ന് വിജയിക്കാന്‍ കഴിയുമെന്നും തങ്കച്ചന്‍ ഉമ്മന്‍ചാണ്ടിയെയും സുധീരനെയും അറിയിച്ചുവത്രെ. ഇതോടെയാണ് കഴിഞ്ഞ മൂന്നുതവണയായി എല്‍ഡിഎഫ് കൈവശം വച്ചിരിക്കുന്ന മണ്ഡലം പിടിച്ചെടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഡിസിസി പ്രസിഡന്റ് വി ജെ പൗലോസിന്റെ പിന്തുണയും തങ്കച്ചനുണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുമുന്നണി അയ്യായിരത്തോളം വോട്ടുകളുടെ ലീഡ് നേടിയതോടെയാണ് വാഴയ്ക്കനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച—ത്. കേരള കോണ്‍ഗ്രസ്സുകള്‍ മൂവാറ്റുപുഴ സീറ്റ് ആവശ്യപ്പെട്ടതും വാഴയ്ക്കന് തിരിച്ചടിയായി. എ വിഭാഗത്തിലെയും ഐ വിഭാഗത്തിലെയും ഒരു വിഭാഗത്തിന്റെയും രൂക്ഷമായ എതിര്‍പ്പും മൂവാറ്റുപുഴയോട് വിടപറയാന്‍ ജോസഫ് വാഴയ്ക്കന്‍ തീരുമാനിച്ചതിനു പിന്നിലുണ്ട്.
എ വിഭാഗത്തിലെ ജില്ലയിലെ പ്രധാനിയായ കെ എം സലീമിനെ വാളകം ജില്ലാ ഡിവിഷനില്‍ പരാജയപ്പെടുത്താന്‍ ജോസഫ് വാഴയ്ക്കന്‍ ചരടുവലി നടത്തിയതായാണ് ആക്ഷേപം. വാഴയ്ക്കന്‍ നിര്‍ദേശിച്ച സമ്പന്നന് സീറ്റ് ലഭിക്കാതിരുന്നതാണ് കാലുവാരലില്‍ കലാശിച്ചതെന്നാണ് എ വിഭാഗത്തിന്റെ ആരോപണം.
Next Story

RELATED STORIES

Share it