കോട്ടയത്ത് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

ആര്‍പ്പൂക്കര (കോട്ടയം): തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. അയര്‍ക്കുന്നം മഞ്ഞാമറ്റത്തില്‍ ജോസിന്റെ ഭാര്യ ഡോളി (48)യാണ് ഇന്നലെ രാവിലെ ഏഴോടെ മരിച്ചത്. ചികില്‍സാപ്പിഴവാണ് മരണകാരണമെന്ന് ഡോളിയുടെ ഭര്‍ത്താവ് ജോസ് ആരോപിച്ചു. സപ്തംബര്‍ 11നാണ് ഡോളിക്ക് തെരുവുനായയുടെ കടിയേറ്റത്. ഒരാഴ്ചയായി ഡോളി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. പ്രദേശവാസിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോള്‍ വീടിനു സമീപത്തുവച്ച് ഡോളിയുടെ കൈയില്‍ തെരുവുനായ കടിക്കുകയായിരുന്നു.

ഡോളിയെ രക്ഷപ്പെടുത്തിയ ശേഷം നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. ഡോളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിരുന്നതാണ്. പിന്നീട് ഈ മാസം 2ന് കൈക്കും ശരീരത്തിലും വേദന അനുഭവപ്പെട്ടതോടെ വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബോധരഹിതയായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയായി ഡോളിയുടെ അവസ്ഥ വഷളായി മരുന്നുകളോടു പ്രതികരിക്കുന്നില്ലായിരുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, പേവിഷബാധയേറ്റാണോ മരിച്ചതെന്നും വ്യക്തമല്ല. മെഡിക്കല്‍ കോളജില്‍ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് നടത്തിയപ്പോള്‍ ഉണ്ടായ പിഴവാണ് നില വഷളാവാന്‍ കാരണമെന്ന് ഡോളിയുടെ ഭര്‍ത്താവ് ജോസ് ആരോപിച്ചു.

ഡോളിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് വന്‍വില കൊടുത്ത് മൂന്നു തവണ മരുന്നു വാങ്ങി നല്‍കുകയും മരുന്ന് കുത്തിവയ്ക്കുകയും ചെയ്തതെന്ന് ജോസ് പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിരോധ കുത്തിവയ്പിന് ഉപയോഗിക്കുന്ന മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളജിലെ ആദ്യഘട്ട ചികില്‍സയ്ക്കിടെ ഡോളിയെ ബന്ധുക്കള്‍ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഡോളിയുടെ മക്കള്‍: ജിബിന്‍, ജിസ്മി.
Next Story

RELATED STORIES

Share it