Kottayam Local

കോട്ടയം സ്വദേശികള്‍ക്കു മര്‍ദ്ദനം; മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍

ചേളാരി: കോട്ടയം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുവന്ന് വീട്ടില്‍ രണ്ടുദിവസം തടവിലിട്ട് മര്‍ദ്ദിച്ചെന്ന കേസില്‍ കോ ണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍. മലപ്പുറം ഡിസിസി അംഗവും പെരുവള്ളൂര്‍ സ്വദേശിയുമായ ചൊക്ലി മൊയ്തീന്‍ (54), മകന്‍ അനസ് ( 25) എന്നിവരെയാണ് തേഞ്ഞിപ്പലം പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.
കോട്ടയം സ്വദേശികളായ ജോബിന്‍ മാനുവല്‍, സൂരജ് എന്നിവരെ തട്ടിക്കൊണ്ട് വന്ന് പെരുവള്ളൂര്‍ കാടപ്പടിയിലെ വീട്ടില്‍ രണ്ടുദിവസം പൂട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ജോബിന്‍ മാത്യുവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആറര ലക്ഷത്തിലധികം രൂപ വിലയുള്ള ഫിയാറ്റ് ടുന്‍ന്തോ കാര്‍ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്. കാര്‍ ഇപ്പോള്‍ തേഞ്ഞിപ്പലം പോലിസിന്റെ കസ്റ്റഡിയിലാണ്. ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം. ജോബിന്‍ മാത്യു കോട്ടയത്തെ തിടനാട് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് തേഞ്ഞിപ്പലം പോലിസിന് കൈമാറുകയായിരുന്നു.
ബുധനാഴ്ച രാത്രി എട്ടോടെ ചൊക്ലി മൊയ്തീനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
ചൊക്ലി മൊയ്തീന്റെ മകനു കേരളത്തിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജോബിന്‍ മാത്യുവും സൂരജും 11 ലക്ഷം രൂപ വാങ്ങിയെന്നും ജോലി ശരിയാവാത്തതിനെ തുടര്‍ന്ന് എറണാകുളത്ത് അന്വേഷിച്ച് ചെല്ലുകയും തുടര്‍ന്ന് ഇരുവരെയും ചൊക്ലി മൊയ്തീനും സംഘവും അവരുടെ തന്നെ കാറില്‍ തന്ത്രപരമായി പെരുവള്ളൂരില്‍ എത്തിച്ചെന്നുമാണ് പോലിസ് പറയുന്നത്. കണ്ണൂരിലേക്കു പോകാന്‍ ഒരുങ്ങുകയാണെന്ന് പറഞ്ഞ ജോബിന്‍ മാത്യുവിനോടും സൂരജിനോടും മലപ്പുറം ജില്ലയിലെ പടിക്കല്‍ ദേശീയപാതയില്‍ തങ്ങളെ ഇറക്കിയാല്‍ മതിയെന്ന് ചൊക്ലി മൊയ്തീന്‍ പറഞ്ഞത്രേ.
തുടര്‍ന്ന് ഇവര്‍ ഒന്നിച്ച് ഒരേ കാറില്‍ പടിക്കലിലെത്തി. പടിക്കലിലെത്തിയപ്പോള്‍ പെരുവള്ളൂരിലെ വീട്ടില്‍ ഇറക്കുമോ എന്ന് അഭ്യര്‍ഥിച്ചു. ഇതുപ്രകാരം ജോബിന്‍ മാത്യവും സൂരജും ചൊക്ലി മൊയ്തീന്റെ വീട്ടിലെത്തി. ഈ സമയം കാര്‍ തടഞ്ഞ് ഇരുവരെയും വീട്ടിനുള്ളിലേക്ക് ബലമായി കൊണ്ടുപോയി തടവിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. ചൊക്ലി മൊയ്തീന്‍ ജോബിനും സൂരജിനും പണം നല്‍കിയതിന് ഇടനിലക്കാരനെന്നു പറയുന്ന തേഞ്ഞിപ്പലം നീരോല്‍പ്പാലം സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബൂബക്കര്‍ ഒളിവിലാണ്.
സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരേ കേസുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപിച്ച് തേഞ്ഞിപ്പലം സ്വദേശികളായ കബീര്‍, മുസമ്മില്‍ എന്നിവര്‍ ജോബിനും സൂരജിനുമെതിരേ തേഞ്ഞിപ്പലം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it