Kottayam Local

കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ കാമറകള്‍ സ്ഥാപിച്ചു

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ കാമറകള്‍ സ്ഥാപിച്ചു. 16 കാമറകളാണ് അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷമായി കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് യാഥാര്‍ത്ഥ്യമായത്.
കഴിഞ്ഞമാസം ചികില്‍സതേടി എത്തിയ യുവതിയെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ആംബുലന്‍സില്‍ നിന്നിറക്കാതെ വന്നതിനെ തുടര്‍ന്ന് ഇവര്‍ ആംബുലന്‍സില്‍ കിടന്ന് തന്നെ മരിച്ചിരുന്നു. ഈ സംഭവം വിവാദമായതാണ് കാമറകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായതെന്ന് പറയപ്പെടുന്നു. ഡോക്ടര്‍മാര്‍ യഥാസമയം ചികില്‍സ നല്‍കാതിരിക്കല്‍, ഡോക്ടര്‍മാരാടക്കമുള്ള ജീവനക്കാരെ രോഗികളുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുന്ന സംഭവം എന്നിവ കാമറ സ്ഥാപിച്ചതിലൂടെ കണ്ടെത്താന്‍ കഴിയും.
മോഷ്ടാക്കള്‍, കഞ്ചാവ് വില്‍പ്പനക്കാര്‍, വാഹന മോഷ്ടാക്കള്‍, അനാശാസ്യപ്രവര്‍ത്തനത്തിന് എത്തുന്നവര്‍ തുടങ്ങിയ ആശൂപത്രി പരിസരത്തുള്ള അനധികൃതമായി എത്തുന്ന മുഴുവന്‍ ആളൂകളെയും നിരിക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. അത്യാഹിത വിഭാഗത്തിന് അകത്തും പുറത്തും അസ്ഥിരോഗ വിഭാഗം ഒാപിയിലും കാമറ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ പെയിങ് കൗണ്ടര്‍, ആര്‍എസ്ബിവൈ കൗണ്ടര്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ് ഗ്രൗണ്ട്, സൂപ്രണ്ട് ഓഫിസ് കവാടം തുടങ്ങി 16 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച കാമറ, സൂപ്രണ്ട് ഓഫിസ്, സുരക്ഷാ വിഭാഗം ഓഫിസ് എന്നിവിടങ്ങിലാണ് നിരിക്ഷിക്കുന്നത്.
കാമറ പ്രവര്‍ത്തിപ്പിക്കുന്നതുവഴി നിരവധി മോഷ്ടാക്കളെയും ആശൂപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നവരെയും കണ്ടെത്തുവാന്‍ കഴിയുമെന്ന് സൂപ്രണ്ട് ടിജി തോമസ് ജേക്കബ് പറഞ്ഞു.
Next Story

RELATED STORIES

Share it