kasaragod local

കോട്ടച്ചേരി റെയില്‍ മേല്‍പാലം: നിയമതടസ്സം നീങ്ങിയില്ല

കാഞ്ഞങ്ങാട്: ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാവുന്നതിന് നിലവിലുള്ള തടസ്സം ഇതുവരെ നീങ്ങിയില്ല.
മേല്‍പ്പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ സമര്‍പ്പിക്കപ്പെട്ട ഹരജികളെല്ലാം തീര്‍പ്പായിരുന്നു. ഏറ്റവുമൊടുവില്‍ സ്ഥലമുടമകളിലൊരാളായ ആവിയില്‍ എ മുഹമ്മദ് കുഞ്ഞിയാണ് ഹരജി ഫയല്‍ ചെയ്തിട്ടുള്ളത്. ഇതിന്‍മേല്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്.
മേല്‍പ്പാലത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ നിയമപ്രകാരമുള്ള ഫോര്‍വണ്‍ പേപ്പര്‍ ജില്ലാ ഭരണകൂടം നല്‍കിയിട്ടില്ലെന്നും സ്ഥലം ഏറ്റെടുത്ത് ഒരുവര്‍ഷത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിയമം സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് കുഞ്ഞി ഹൈക്കോടതിയെ സമീപിച്ചത്.
ഇതിന്‍മേലാണ് വാദം പൂര്‍ത്തിയായിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്കകം വിധി വരുമെന്നാണറിയുന്നത്.
വിധി പദ്ധതിക്ക് അനുകൂലമായി വന്നാല്‍ മാത്രമേ പാലം പണി തുടങ്ങാനാവുകയുള്ളു. ഹരജിക്കാരന് അനുകൂലമായി വിധി വന്നാല്‍ പാലം പണി പിന്നെയും നീണ്ടുപോവും. തീരദേശത്തുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകേണ്ടത് അനിവാര്യമാണ്. 2003 ലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it