malappuram local

കോട്ടക്കുന്ന് അമ്യുസ്‌മെന്റ്പാര്‍ക്കിലെ വൈദ്യുതി ബില്ലിനെ ചൊല്ലി വാക്കേറ്റം

മലപ്പുറം: കോട്ടക്കുന്ന് അമ്യുസ്‌മെന്റ് പാര്‍ക്ക് വൈദ്യുതി ബില്ലിനെ ചൊല്ലി മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം. പ്രവര്‍ത്തനസജ്ജമല്ലാത്ത പാര്‍ക്കിനു മാസം തോറും 45,000 രൂപയുടെ വൈദ്യുതി ബില്ല് വരുന്നുണ്ട്. പാര്‍ക്കുകള്‍ക്കുള്ള മിനിമം തുകയാണിത്.
ലേസര്‍ ഷോ നടത്തുന്നതിന് ട്രാന്‍സ്‌ഫോമര്‍ ആവശ്യമായതിനാല്‍ ഇത് നഗരസഭയ്ക്ക് ആവശ്യമുള്ളപ്പോള്‍ തിരിച്ചു നല്‍കാമെന്ന എഗ്രിമെന്റില്‍ ഏറ്റെടുക്കാമെന്നു ഡിടിപിസി അറിയിച്ചിട്ടുണ്ട്. എന്നാല്‍, നാലരക്കോടിയോളം രൂപ ചെലവഴിച്ച് കൊട്ടിഘോഷിച്ച് നടപ്പാക്കിയ പാര്‍ക്ക് പൊതുജനഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍ പറഞ്ഞു.
പാര്‍ക്ക് ഉദ്ഘാടനം ചെയ്തത് അന്നത്തെ ടൂറിസം മന്ത്രിയായ കൊടിയേരി ബാലകൃഷ്ണനായിരുന്നുവെന്നും എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഉദ്ഘാടന ചടങ്ങില്‍ നിന്നു വിട്ടുനിന്നില്ലെന്നും ഭരണപക്ഷത്ത് നിന്ന് ഹാരിസ് ആമിയന്‍ എതിര്‍ വാദമുന്നയിച്ചു. പാര്‍ക്ക് നടത്തിപ്പ് പഠിക്കാന്‍ ബാംഗ്ലൂരിലും ആതിരപ്പിള്ളിയിലും വിനോദയാത്ര പോവാന്‍ പ്രതിപക്ഷവുമുണ്ടായിരുന്നുവെന്ന പരി മജീദിന്റെ പരാമര്‍ശമാണ് രൂക്ഷമായ വാക്കേറ്റത്തിനിടയാക്കിയത്. പ്രതിപക്ഷം ഈ യാത്രയിലുണ്ടായിരുന്നില്ലെന്നു കല്ലിടുമ്പില്‍ വിനോദ് ചൂണ്ടിക്കാട്ടി. മാത്രമല്ല, വിഷയത്തില്‍ മൂന്നു തവണ കൗണ്‍സില്‍ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോക്ക് നടത്തിയിട്ടുമുണ്ട്. വിനോദ് ഉദ്ഘാടന ചടങ്ങില്‍ ആശംസാ പ്രാസംഗികനായിരുന്നുവെന്ന റിനിഷാ റഫീഖിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം നഗരസഭയുടെ വികസന പരിപാടികളില്‍ ഇനി മുതല്‍ പങ്കെടുക്കേണ്ടതില്ലേ എന്ന മറു ചോദ്യമാണ് ഒ സഹദേവനില്‍ നിന്നുണ്ടായത്.
നഗരസഭ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വൈഫൈ, അക്ഷയ പാത്രം പദ്ധതികളുടെയും ഗതി ഇതു തന്നെയാണെന്നും സഹദേവന്‍ പറഞ്ഞു. മലപ്പുറം താലൂക്കാശുപത്രിയിലെ അടിയന്തര അറ്റകുറ്റപണിക്ക് 1.40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി. ആധുനിക അറവുശാലയ്ക്കായി 50 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും ഇതിനായി ഹാജിയാര്‍പള്ളി ഭൂതാനം കോളനി, ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങള്‍ പരിഗണനയിലുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല പറഞ്ഞു. ഒന്ന്, 40 വാര്‍ഡുകളിലെ സ്വകാര്യ വ്യക്തികളും തയ്യാറായി വന്നിട്ടുണ്ട്. ഇക്കാര്യം ആരോഗ്യ സ്ഥിരംസമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ നിശ്ചയിച്ചു.
നഗരസഭയിലെ വാര്‍ഡ് സഭകള്‍ 12, 13, 14 തിയ്യതികളിലായി ചേരും. പദ്ധതി വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഇന്ന് രാവിലെ 10ന് നഗരസഭ ഓഡിറ്റോറിയത്തിലും ചേരും. കെ വി ശശി, അബ്ദു ഹാജി, സി കെ ജലീല്‍, കെ എം മിര്‍ഷാദ് ഇബ്രാഹീം ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it