malappuram local

കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പൊന്നാനി ഫിഷര്‍മെന്‍ കോളനി നശിക്കുന്നു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: പാലൊളിയുടെ വന്‍ വികസന പദ്ധതിയായി പൊന്നാനിയില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച 120 വീടുകള്‍ അടങ്ങിയ ഫിഷര്‍മെന്‍ കോളനി ഇതുവരെ ഗുണഭോക്കാതക്കള്‍ക്ക് നല്‍കാനായില്ല. കോളനിയിപ്പോള്‍ നാശത്തിന്റെ വക്കിലാണ്. കടലാക്രമണ ദുരിത ബാധിതര്‍ക്കായി നിര്‍മിച്ചതാണ് ഈ വീടുകള്‍. ഏഴ് വര്‍ഷം മുമ്പ് എല്‍ഡിഎഫ് ഭരണകാലത്താണ് 120 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
തിരക്കിട്ട് ഉദ്ഘാടനം അന്ന് നടന്നെങ്കിലും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ യുഡിഎഫ് നഗരസഭാ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഈ വീടുകളുടെ കാര്യത്തില്‍ നിലവിലെ എംഎല്‍എ കാര്യമായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. പദ്ധതിയുടെ കാര്യത്തില്‍ ആക്ഷേപങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനുപയോഗിച്ച് കോളനിയെ നോക്കുകുത്തിയാക്കി നിര്‍ത്താനാണ് കഴിഞ്ഞ പൊന്നാനി നഗരസഭ ഭരണസമിതി ശ്രമിച്ചത്. പദ്ധതിയുടെ ഗുണഭോക്തൃ വിഹിതമായ രണ്ടര ലക്ഷം രൂപ പൊന്നാനിയിലെ ഒരു വ്യവസായി സൗജന്യമായി നല്‍കിയിരുന്നു. ഇത് ആഘോഷമാക്കിമാറ്റി മന്ത്രിയെകൊണ്ട് നല്‍കിച്ചു എന്നതല്ലാതെ മറ്റൊന്നും കഴിഞ്ഞ നഗരസഭാ ഭരണ കാലയളവില്‍ ഉണ്ടായില്ല. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പണി കഴിപ്പിച്ച പദ്ധതിയെന്നതുകൊണ്ട് തന്നെ ഈ വീടുകളുടെ കൈമാറ്റത്തിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും പുതിയ നഗരസഭാ ഭരണസമിതിക്ക് കൂടുതല്‍ ബാധ്യതയുണ്ട്.
എന്നാല്‍, പുതിയ ഭരണസമിതിയും വീടുകളുടെ കൈമാറ്റത്തില്‍ മൗനത്തിലാണ്. അസൗകര്യങ്ങള്‍ നിറഞ്ഞ വീടുകള്‍ നിര്‍മിച്ചതിനാല്‍ ഗുണഭോക്താക്കള്‍ വീടുകള്‍ കൈപ്പറ്റാന്‍ തയ്യാറാവുന്നില്ലെന്നാണ് യുസിഎഫ് ഭരണസമിതി വിശദീകരിച്ചിരുന്നത്. എന്നാല്‍, വീടുകളില്‍ താമസമാക്കാന്‍ തീരവാസികള്‍ സന്നദ്ധമാണെന്നും കൈമാറ്റത്തിന് തടസ്സം ഭരണസമിതിയുടെ പിടിപ്പുകേടാണെന്നുമാണ് അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് ഉന്നയിച്ചിരുന്നത്. എല്‍ഡിഎഫ് നഗരസഭയില്‍ അധികാരത്തില്‍ എത്തിയപ്പോഴാവട്ടെ വീടുകളുടെ കൈമാറ്റം മറന്ന മട്ടാണ്. ഇപ്പോള്‍ യുഡിഎഫിന്റെ പ്രധാന പ്രചാരണായുധം ഈ ഫിഷര്‍മെന്‍ കോളനി തന്നെ. ഫിഷര്‍മെന്‍ കോളനി നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുന്നുണ്ടെങ്കിലും വീടുകളുടെ കൈമാറ്റത്തിന് ഇത് തടസ്സമാവില്ല. അവസാന മിനുക്കുപണികളാണ് ഈ വീടുകളില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇത് പൂര്‍ത്തിയാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ വീടുകളുടെ കൈമാറ്റം യാഥാര്‍ഥ്യമാവൂ. നിലവിലെ സാഹചര്യത്തില്‍ ഈ വീടുകള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
പല ഭാഗങ്ങളും അടര്‍ന്നുവീണ് തുടങ്ങി. സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും വിഹാര കേന്ദ്രമാണിപ്പോള്‍ ഈ വീടുകള്‍. പ്രദേശ വാസികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. ആഴ്ചകള്‍ക്ക് മുന്‍പ് സാമൂഹിക വിരുദ്ധര്‍ വീടുകളോട് ചേര്‍ന്ന പുല്‍ക്കാടുകള്‍ക്ക് തീവച്ചിരുന്നു. കാലവര്‍ഷം മുന്നിലെത്തിയ സാഹചര്യത്തില്‍ കടലാക്രമണം പ്രതീക്ഷിക്കുന്ന തീരത്തെ കുടുംബങ്ങള്‍ കോളനിയിലെ വീടുകളിലേക്ക് താമസം മാറ്റാന്‍ സന്നദ്ധമാണ്. പൊന്നാനിയില്‍ കോടികളുടെ വികസനം നടപ്പാക്കിയതായി എംഎല്‍എ അവകാശപ്പെടുമ്പോഴും വന്‍ വികസന പദ്ധതികള്‍ കാഴ്ചവസ്തുക്കളായി മാറിയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വീടുകള്‍ വാസയോഗ്യമാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു ക്രിയാത്മകമായ നടപടികള്‍ ഉണ്ടായിട്ടില്ല.
നഗരസഭയുടെ കിഴിലെ തൊട്ടടുത്ത ദുരിതാശ്വാസ ക്യാംപില്‍ രണ്ട് കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്നുണ്ട്. ഈ വീടുകള്‍ താമസയോഗ്യമാക്കിമാറ്റിയാല്‍ ഈ കുടുംബങ്ങള്‍ക്ക് മാറി താമസിക്കാനാവും. നഗരസഭ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ നിരവധിപേര്‍ നിലവിലെ വീടുകളില്‍ താമസിക്കാന്‍ സന്നദ്ധമാണെന്ന് നേരത്തേ നഗരസഭയെ അറിയിച്ചിരുന്നു.
ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കാനുള്ള നപടിയാണ് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.
Next Story

RELATED STORIES

Share it