Idukki local

കോടികളുടെ ഹാഷിഷ് വേട്ട: വിജയിച്ചത് രണ്ടു മാസത്തെ പരിശ്രമം

എ അബ്ദുല്‍ സമദ്

കുമളി: അന്താരാഷ്ട്ര തലത്തില്‍ കോടികള്‍ വിലമതിക്കുന്ന 11 കിലോ ഹാഷിഷ് ഓയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായത് രണ്ട് മാസത്തോളം നടത്തിയ പരിശ്രമത്തിനൊടുവില്‍.
അതിര്‍ത്തി വഴിയുള്ള കഞ്ചാവു കടത്തുകാര്‍ക്കു പേടി സ്വപ്‌നമായ വണ്ടിപ്പെരിയാറിലെ എക്‌സൈസ് സംഘത്തിനു ലഭിച്ച പൊന്‍തൂവല്‍ കൂടിയാണ് ഈ വന്‍ മയക്കുമരുന്നു വേട്ട.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയായ പാടരുവില്‍ നിന്നും കൊണ്ടു വന്ന ഹാഷിഷ് ഓയിലാണ് കുമളിയില്‍ പിടികൂടിയത്.
ജില്ലയില്‍ വലിയ തോതില്‍ കഞ്ചാവും ഹാഷിഷും എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ ജില്ലയിലെ മികച്ച രണ്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്.
തുടര്‍ന്ന് അന്വേഷണ സംഘം മയക്കുമരുന്ന് കടത്തുകാര്‍ക്കായി വല വിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വേഷപ്രഛന്നരായി പല സ്ഥലങ്ങളില്‍ എത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. കോട്ടയം ജില്ലയിലേക്ക് ഹാഷിഷ് കൊണ്ടു പോകുന്നുവെന്ന വിവരം ലഭിച്ചതതോടെ മറ്റ് രണ്ട് സ്വകാര്യ വാഹനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്‍ന്നു.
കുമളി ചെളിമടയില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നാണ് ഉദ്യോഗസ്ഥര്‍ അവാശപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഹാഷിഷ് വേട്ട നടത്തിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി കെ സുനില്‍രാജ്, ജി വിജയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ പി ഡി സേവ്യര്‍, സി പി കൃഷ്ണകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബിനോജ്, രാജ് കുമാര്‍ ബി, രവി വി, അനീഷ് ടി എ, ലിജോ ജോസഫ്, രതീഷ് കുമാര്‍, സുധീര്‍ മുഹമ്മദ്, പി കെ സിജു, ബാബു എം കെ, അനൂപ് എന്നിവര്‍ രണ്ട് മാസത്തോളമായി നടത്തിയ ശ്രമഫലമായാണ് പ്രതികള്‍ പിടിയിലായത്.
Next Story

RELATED STORIES

Share it