കോടതി വാര്‍ത്തകള്‍: പിഎസ്‌സി ചെയര്‍മാനെതിരേ അംഗങ്ങള്‍ ഹൈക്കോടതിയില്‍

കൊച്ചി: പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനെതിരേ അംഗങ്ങള്‍ ഹൈക്കോടതിയില്‍. ചെയര്‍മാന്റെ നടപടികള്‍ പലതും നിയമ വിരുദ്ധമാണെന്നാരോപിച്ച് അംഗങ്ങളായ സുരേഷ് തോമസ് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പിഎസ്‌സിയുടെ ഓണ്‍ലൈന്‍ പരീക്ഷകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്നും പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന നടപടികള്‍ ചെയര്‍മാന്റെ തന്നിഷ്ടപ്രകാരമാണെന്നും ഹരജിയില്‍ പറയുന്നു.
ഹരജി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് എതിര്‍ കക്ഷികള്‍ക്ക് അടിയന്തര നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടി.
റൈഫിള്‍ അസോസിയേഷന്‍ ആരോപണം: നിലപാട് തേടി
കൊച്ചി: റൈഫിള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സിബിഐയുടെ നിലപാടു തേടി. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
വെടിയുണ്ടകളും റൈഫിളുകളും കണക്കില്ലാത്ത വിധം വരുത്തിക്കുകയും ദുരുപയോഗം ചെയ്തതായുമുള്ള പരാതികളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം ജില്ലാ റൈഫിള്‍സ് അസോസിയേഷന്‍ സെക്രട്ടറി സാജു എസ് ദാസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
കോട്ടയം, പാലക്കാട് ജില്ലാ അസോസിയേഷനുകള്‍ക്കും സംസ്ഥാന അസോസിയേഷനുമെതിരെ ബന്ധപ്പെട്ട പൊലിസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
വന്യ ജീവികളെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ദേശീയ റൈഫിള്‍ അസോസിയേഷനില്‍ നിന്ന് സംസ്ഥാന അസോസിയേഷന്‍ കൈപ്പറ്റിയിട്ടുള്ളതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it