കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം; മൂന്നുപേര്‍ക്കെതിരേ വധശ്രമത്തിന് കേസ്

പാലക്കാട്: ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, നെല്ലായ സ്വദേശികളായ സുബ്രഹ്മണ്യന്‍, കൃഷ്ണന്‍ എന്നിവര്‍ക്കെതിരേ ചെര്‍പ്പുളശ്ശേരി പോലിസ് കേസെടുത്തത്. പ്രതികള്‍ ഒളിവിലാണെന്നും അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഒറ്റപ്പാലം കോടതി വളപ്പിലായിരുന്നു മാധ്യമപ്രവര്‍ത്തരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. നെല്ലായയിലെ സിപിഎം-ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു കാമറാമാന്റെ കഴുത്തു ഞെരിക്കുകയും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്റെ കാമറ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. റിപോര്‍ട്ടര്‍ ടിവി റിപോര്‍ട്ടര്‍ ശ്രീജിത്ത് കോമ്പാല, ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ ശ്യാം കുമാര്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം.
അതേസമയം സംഭവത്തെ ബിജെപി ജില്ലാ നേതൃത്വം അപലപിച്ചു. പാടില്ലാത്തതാണു സംഭവിച്ചതെന്നും സംഭവം ആസൂത്രിതമായിരുന്നില്ലെന്നും ദുഃഖമുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരുണ്ടെന്നു കരുതുന്നില്ലെന്നും ഉണ്ടെങ്കില്‍ അവര്‍ക്കെതിരേ സംസ്ഥാന പ്രസിഡന്റ് നടപടിയെടുക്കുമെന്നും പോലിസ് അന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അഡ്വ. ഇ കൃഷ്ണദാസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. പാലക്കാട് പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി, ജില്ലാ സെക്രട്ടറി സെക്രട്ടറി സി ആര്‍ ദിനേഷ്, ഖജാഞ്ചി അരുണ്‍ ശ്രീധര്‍, ജോയിന്റ് സെക്രട്ടറി മഹേഷ്, ഷില്ലര്‍ സ്റ്റീഫന്‍, ബിനോയ് രാജന്‍, പ്രസാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it