കോടതി പരിസരത്ത് വന്‍ ജനാവലി

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകിയെ കാണാന്‍ കോടതി വളപ്പില്‍ തടിച്ചു കൂടിയ വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസിന് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വന്നു. പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ വന്‍ ജനാവലിയാണ് കോടതിവളപ്പിലേക്കെത്തിയത്.
ഉച്ചയോടെ ജനങ്ങളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതിയിലേക്ക് കൊണ്ടുവരുന്ന മുനിസിപ്പല്‍ ലൈബ്രറി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും പോലിസ് നിരോധിച്ചിരുന്നു. ഒപ്പം വന്‍പോലിസ് സന്നാഹത്തെ സുരക്ഷയ്ക്കായി കോടതിവളപ്പിലും പരിസരത്തും നിയോഗിച്ചിരുന്നു. പ്രതിയെ കൊണ്ടുവന്ന സമയത്ത് കനത്ത മഴ പെയ്തുവെങ്കിലും തടിച്ചുകൂടിയ ജനം പിരിഞ്ഞ് പോ വാന്‍ തയ്യാറായിരുന്നില്ല.
ഇതിനിടയില്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിന് വേണ്ടി പോലിസ് ആദ്യം ട്രയല്‍ റണ്‍ നടത്തി. ഇതോടെ ജനങ്ങള്‍ ഇരച്ച് കയറാന്‍ ശ്രമിച്ചതോടെ പോലിസ് ലാത്തി വീശിയെങ്കിലും പിരിഞ്ഞുപോവാന്‍ ജനം തയ്യാറായില്ല. ഇതിനിടെ പ്രതിയെ കൊണ്ടുവന്ന പോലിസ് വാനിനു നേരെ കല്ലേറുണ്ടായി. ഇതോടെ വീണ്ടും പോലിസ് ലാത്തി വീശി. തുടര്‍ന്ന് ചിതറിയോടിയ ജനം പ്രതിക്ക് അകമ്പടിയായെത്തിയ പോലിസ് ജീപ്പിനു നേരെ വന്നതോടെ നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ മരത്തിലേക്ക് ഇടിച്ചുകയറി. റോഡിരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും പോലിസ് ജീപ്പ് ഇടിച്ചു.
Next Story

RELATED STORIES

Share it