കോടതി പരാമര്‍ശങ്ങള്‍ വിധിന്യായമായി പ്രചരിപ്പിക്കരുത്: ആഭ്യന്തരമന്ത്രി

തലശ്ശേരി: വാദത്തിനിടെയുണ്ടാവുന്ന ജഡ്ജിമാരുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും വിധിന്യായങ്ങളാണെന്ന വിധത്തില്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തലശ്ശേരിയില്‍ പുതുതായി ആരംഭിക്കുന്ന വിജിലന്‍സ് കോടതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ അമിത പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ കൊണ്ടാടുകയും അവ വിധിപ്രസ്താവമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നുണ്ട്. കേസ് വാദത്തിനിടെ കൂടുതല്‍ വിവരങ്ങള്‍ ആരായാനോ വ്യക്തത വരുത്താനോ ആണ് ജഡ്ജിമാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. വാദപ്രതിവാദങ്ങളെല്ലാം കേട്ട് നിയമവ്യാഖ്യാനം നിര്‍വഹിച്ചാണ് വിധി പ്രസ്താവിക്കുന്നത്.
സര്‍ക്കാരിന് വിധിന്യായങ്ങളാണ് ബാധകമാവുക. അതിനനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. സംസ്ഥാനത്ത് വിജിലന്‍സ് സംവിധാനത്തിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. മന്ത്രിയെന്ന നിലയില്‍ വിജിലന്‍സ് കേസുകളിലോ നടപടികളിലോ ഇടപെടാറില്ല. കോടതിയുടെ നിരീക്ഷണത്തിലാണ് വിജിലന്‍സ് കേസുകള്‍ എന്നതിനാല്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ അവധാനത ഉണ്ടാവണം.
അഴിമതി ഒട്ടും അംഗീകരിക്കാത്ത സമീപനമാണ് സമൂഹം ആഗ്രഹിക്കുന്നത്. അതു യാഥാര്‍ഥ്യമാക്കുന്നതില്‍ വിജിലന്‍സ് കോടതികള്‍ക്ക് വലിയ പങ്കുണ്ട്. അഴിമതിക്കേസുകള്‍ പതിറ്റാണ്ടുകള്‍ നീണ്ടുപോവുന്ന സാഹചര്യമാണ് ഇന്നുള്ളത്. കൂടുതല്‍ കോടതികള്‍ വന്നാല്‍ വിചാരണ നടപടി വേഗത്തിലാക്കി കാലതാമസം ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it