കോടതി പരാമര്‍ശം പോലിസിനും സര്‍ക്കാരിനുമെതിരായ കുറ്റപത്രം

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും പോലിസിനുമെതിരായ കുറ്റപത്രം കൂടിയായി.
യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മുന്നണി ഘടകകക്ഷിയിലെ വിദ്യാര്‍ഥി വിഭാഗം നേതാവ് കൊല്ലപ്പെട്ടിട്ടും അന്വേഷണം കാര്യക്ഷമമായി നടത്തുന്നതില്‍ പരാജയപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം യുഡിഎഫിന് ക്ഷീണമുണ്ടാക്കുന്നതാണ്. മാത്രമല്ല, തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ സമ്മതിച്ചതും ശ്രദ്ധേയമാണ്. തുടക്കം മുതല്‍ വിവാദങ്ങളുയര്‍ന്ന കേസില്‍ സാക്ഷികളുടെ മൊഴിമാറ്റം വരെ ഏറെ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ അന്വേഷണം വഴിമുട്ടിച്ചെന്നും പോലിസ് തൃപ്തികരമായി അന്വേഷണം നടത്തിയില്ലെന്നും ഹൈക്കോടതി എടുത്തു പറഞ്ഞു. പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും രക്ഷിക്കാന്‍ പോലിസ് ശ്രമിച്ചു. ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിക്കുന്നുണ്ട്. കേസില്‍ പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇരുവര്‍ക്കുമെതിരായ കേസുകള്‍ ദുര്‍ബലമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടിയവരെല്ലാം ഗൂഢാലോചനക്കേസില്‍ പ്രതികളായപ്പോള്‍ ജയരാജനും രാജേഷിനുമെതിരേ ഗൂഢാലോചന തടഞ്ഞില്ലെന്ന കുറ്റമാണ് ചുമത്തിയത്. ഇതിനെ കോടതിയും ചോദ്യം ചെയ്തപ്പോള്‍ യുഡിഎഫ് ഭരണകാലത്തും പോലിസില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ഫ്രാക്ഷന്‍ കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളുമാണ് പുറത്തുവരുന്നത്.
കേസില്‍ 2013 ആഗസ്ത് ഒന്നിനാണു പി ജയരാജനെ പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വ്യാപക ആക്രമണങ്ങളുണ്ടാവുകയും ലീഗിന്റെയും സിപിഎമ്മിന്റെയും 140ഓളം ഓഫിസുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it