കോടതി ഉത്തരവ് റിപോര്‍ട്ട് പരിശോധിക്കാതെ: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപോര്‍ട്ട് പരിശോധിക്കാതെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
ബാബുവിനെതിരേ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. വിജിലന്‍സ് കോടതി എന്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നതാണ് തന്റെ സംശയം. ബാബു കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. ജനുവരി 23നു മുമ്പ് ത്വരിതപരിശോധന റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മന്ത്രി ബാബുവിനെതിരേ തെളിവുകളില്ലാത്തതുകൊണ്ടു തന്നെയാണ് കേസെടുക്കാതിരുന്നതെന്നും ആഭ്യന്തരമന്ത്രി ആവര്‍ത്തിച്ചു.
കെ സുരേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിജിലന്‍സ് റിപോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തില്‍ ബാബു മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം, അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ബിജു രമേശ് 164 പ്രകാരം കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ തന്റെ പേരു പരാമര്‍ശിച്ചതായി തെളിയിച്ചാല്‍ ആ നിമിഷം രാജിവയ്ക്കാമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയില്‍ വ്യക്തമാക്കി. ബിജു രമേശ് ആരോപണമുന്നയിച്ചപ്പോള്‍ താന്‍ മാനനഷ്ടക്കേസ് നല്‍കിയതാണ്. അതിന്റെ വിചാരണവേളയില്‍ തെളിവുനല്‍കുമെന്നാണ് ബിജു രമേശ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ കേസ് സ്‌റ്റേ ചെയ്യാനും ഇല്ലാതാക്കാനുമാണു ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതികളില്‍ നടക്കുന്നുണ്ട്. അതിന്റെ വിധി വരുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണമെന്നും ബാബു പറഞ്ഞു. വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ട് കോടതി തള്ളിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം രമേശ് ചെന്നിത്തല നിഷേധിച്ചു.
ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയതാണ്. ഒന്നിലും തെളിവു കണ്ടെത്താനാവാതെ വന്നതിനാലാണ് കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. മാണിയുടെയും ബാബുവിന്റെയും കാര്യത്തില്‍ ഇരട്ടനീതിയില്ല. മാണിയുടെ കേസില്‍ ത്വരിതപരിശോധന സമയത്ത് സാക്ഷികളാരും ആരോപണം നിഷേധിച്ചില്ല. മാണി കേസില്‍ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഈ സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ് മന്ത്രിക്കെതിരേ കേസന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന സംശയമാണ് വിജിലന്‍സ് കോടതി പ്രകടിപ്പിച്ചതെന്ന് സുരേഷ്‌കുറുപ്പ് കുറ്റപ്പെടുത്തി. നിയമവിധേയമായല്ല അന്വേഷണം നടന്നത്. മാണിക്കെതിരേ ത്വരിതപരിശോധന നടത്തിയ സര്‍ക്കാര്‍ ബാബുവിന്റെ കാര്യത്തില്‍ എന്തിനാണ് മടിക്കുന്നതെന്നും കുറുപ്പ് ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്കു പോവുമെന്നു പറഞ്ഞിട്ട് അത് ചെന്നിത്തല വഴിയാണു പോവുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. ബാബുവിനെ പിന്നില്‍നിന്നു കുത്തി പുറത്താക്കാനാണ് ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it