കോടതിവിധി റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആക്രമണക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. രണ്ടു മാസത്തിനകം പ്രതിയുടെ അപേക്ഷ വീണ്ടും പരിശോധിച്ച് തീര്‍പ്പാക്കണമെന്നും ജസ്റ്റിസ് ബി കമാല്‍പാഷ ഉത്തരവിട്ടു. സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും അതിനാല്‍ നിയമപരമായ നടപടി സ്വീകരിച്ചു പരാതി തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
പ്രതിയോഗിയെ മാരകായുധം ഉപയോഗിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ തിരുവനന്തപുരം മലയം സ്വദേശി ഡേവിഡ് ലാലിക്ക് രണ്ടു വര്‍ഷത്തെ കഠിന തടവും 1000 രൂപ പിഴയും ശിക്ഷിച്ച നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വിധി ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും ശരിവച്ചിരുന്നു. സുപ്രിംകോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചിട്ടും 17 വര്‍ഷം നിയമത്തെ വെട്ടിച്ചു നടന്നു. പിന്നീട് പിടിയിലാവുമെന്നായപ്പോള്‍ ശിക്ഷയിളവ് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കുകയായിരുന്നു. കീഴടങ്ങാന്‍ പോലും മടിക്കുന്ന പ്രതിക്ക് ശിക്ഷ ഇളവുചെയ്ത് നല്‍കരുതെന്നും ഇത് സമൂഹത്തിനു തെറ്റായ സന്ദശേം നല്‍കുമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, ഇതു മറികടന്ന് ലക്ഷം രൂപ പിഴ ഈടാക്കി ശിക്ഷ റദ്ദാക്കാമെന്ന നിര്‍ദേശം റിപോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രി എഴുതിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷയിളവ് നല്‍കിയെന്നും ആരോപിച്ച് ഡേവിഡ് ലാലിയുടെ അക്രമത്തിനിരയായ വൈ ജോര്‍ജ്കുട്ടിയും അടൂര്‍ സ്വദേശി രാജീവ് പിള്ളയുമാണ് കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കി ഉത്തരവിട്ടത് ശരിയായ വസ്തുതകള്‍ പഠിക്കാതെയും കാര്യങ്ങള്‍ വിലയിരുത്താതെയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ നിയമസെക്രട്ടറിയുടെ റിപോര്‍ട്ട് പ്രകാരമാണ് സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചതെന്നു വ്യക്തമാണ്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ലോ സെക്രട്ടറി ഇത്തരത്തിലുള്ള നിരുത്തരവാദപരമായ ഉപദേശം നല്‍കിയത് ദയനീയമാണെന്നും കോടതി വിലയിരുത്തി.
പ്രതി രോഗിയായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരില്‍ ശിക്ഷ ഇളവ് അനുവദിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, രോഗാവസ്ഥയില്ലെന്നു വ്യക്തമാക്കുന്നതാണ് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഇയാള്‍ ഈ കാലയളവില്‍ നടത്തിയ യാത്രകള്‍. സര്‍ക്കാരിനു കീഴിലെ പോലിസ് സംവിധാനം ശക്തമായിരിക്കെ ഇയാള്‍ നടത്തിയ യാത്രകള്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്നു പറയാനാവില്ല. അതിനാല്‍ വീണ്ടും വസ്തുതകള്‍ വിശദമായി പരിശോധിച്ച് അപേക്ഷ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it