കോടതിവിധി തെറ്റായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമം: വി എസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇതിനുവേണ്ടിയുള്ള കള്ളപ്രചാരണത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാണിയും മല്‍സരിക്കുകയാണ്. കൈക്കൂലി ചോദിച്ചുവാങ്ങിയതിന് തെളിവില്ലെന്ന മാണിയുടെ പ്രതിരോധം ശുദ്ധ അസംബന്ധമാണ്. കൈക്കൂലി വാങ്ങിയതിന്റെ എല്ലാ സാഹചര്യ തെളിവുകളും ഇതിനാധാരമായ സുപ്രിംകോടതി വിധികളും വിധിന്യായത്തി ല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിന്‍സന്‍ എം പോള്‍ മുഖ്യമന്ത്രിയുടെയും കെ എം മാണിയുടെയും നിര്‍ബന്ധത്തിനു വഴങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കെ എം മാണിയെ കുറ്റവിമുക്തനാക്കാ ന്‍ വിന്‍സന്‍ എം പോള്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് കോടതി അദ്ദേഹത്തെ വിമര്‍ശിച്ചത്. നിയമവിധേയമല്ലാതെ പ്രവര്‍ത്തിച്ച വിജിലന്‍സിനെ വിമര്‍ശിച്ച കോടതിവിധിമൂലം വിജിലന്‍സിന്റെ പ്രവര്‍ത്തനം താറുമാറായെന്നു പ്രചരിപ്പിക്കുന്ന യുഡിഎഫ് നേതാക്കള്‍ ജനങ്ങളെ മണ്ടന്മാരാക്കുകയാണ്. വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ പോവാന്‍ താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. അപ്പീല്‍ പോവുന്നില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നത്. രാജിവയ്ക്കുകയുമില്ല, അപ്പീല്‍ പോവുകയുമില്ല എന്നത് ആണും പെണ്ണും കെട്ട സമീപനമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്ന് ഇത്രയും വൃത്തികെട്ട നടപടി ഉണ്ടാവുന്നതില്‍ അദ്ഭുതമില്ല. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞത്, ജനകീയ കോടതി തീരുമാനിക്കട്ടെ എന്നാണ്. തൊണ്ടിമുതലോടെ കള്ളനെ പിടിച്ചാല്‍ നാട്ടുകാര്‍ എന്താണു ചെയ്യുന്നതെന്ന് നന്നായി അറിയാവുന്ന ആളാണല്ലോ സുധീരന്‍. അങ്ങനെ നാട്ടുകാര്‍ കൈകാര്യം ചെയ്യട്ടേ എന്നു പറഞ്ഞ് കൈകഴുകുന്ന തരത്തിലേക്ക് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയം അധപ്പതിച്ചിരിക്കുന്നുവെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it