കോടതിവളപ്പിലെ സ്‌ഫോടനം: ഡിഎച്ച്ആര്‍എമ്മിന് പങ്കില്ലെന്ന് സെലീന പ്രക്കാനം

തിരുവനന്തപുരം: കൊല്ലം കോടതിവളപ്പില്‍ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദലിത് ഹ്യൂമന്റൈറ്റ്‌സ് മൂവ്‌മെന്റിന് (ഡിഎച്ച്ആര്‍എം) ബന്ധമില്ലെന്ന് സെലീന പ്രക്കാനം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ദലിതുകള്‍ സംഘടിക്കുന്നതിനെ ഭയക്കുന്നവരാണ് ഇത്തരം കുപ്രചാരണങ്ങള്‍ക്കു പിന്നില്‍. ഡിഎച്ച്ആര്‍എമ്മിനെ തീവ്രവാദ സ്വഭാവമുള്ള സംഘടനയായി ചിത്രീകരിക്കുകയും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം അടിച്ചേല്‍പ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനത്തെ ഉന്മൂലനം ചെയ്യുകയാണ് കുപ്രചാരണങ്ങള്‍ക്കു പിന്നിലെ ലക്ഷ്യം. ഇക്കഴിഞ്ഞ 13ന് കൊല്ലം കൊട്ടാരക്കരയില്‍ മാവടി അംബേദ്ക്കര്‍ കോളനിയില്‍ ഹോം സ്‌കൂള്‍ നിര്‍മാണ സ്ഥലത്ത് സിപിഐ പ്രവര്‍ത്തകര്‍ ഡിഎച്ച്ആര്‍എം വൈസ് ചെയര്‍മാനായ സജി കൊല്ലത്തിനെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മനു ഗോപിയെ ആക്രമിച്ചതും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അടിച്ചു തകര്‍ത്തതും സംഘടനയെ തകര്‍ക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെയാണ്. കോടതി പരിസരത്ത് ബോംബ് സ്‌ഫോടനത്തിന്റെ കാരണക്കാരായ യഥാര്‍ഥ പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും സെലീന പ്രക്കാനം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it