കോംഗോ യുവാവിന്റെ വധം: കേന്ദ്രം ഇടപെട്ടു; ആഫ്രിക്കന്‍ ഡേ ബഹിഷ്‌കരിക്കാന്‍ നയതന്ത്ര തലവന്‍മാരുടെ തീരുമാനം

ന്യൂഡല്‍ഹി: കോംഗോ യുവാവ് ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ഇന്ത്യയില്‍ ആഫ്രിക്കക്കാര്‍ക്കെതിരേ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ആഫ്രിക്കന്‍ ഡേ ആഘോഷം ബഹിഷ്‌ക്കരിക്കാന്‍ ആഫ്രിക്കന്‍ നയതന്ത്രത്തലവന്‍മാരുടെ സംഘം തീരുമാനിച്ചതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി.
നയതന്ത്ര പ്രതിനിധികളോടു സംസാരിക്കാനും അവരുടെ ആശങ്ക പരിഹരിക്കാനും വിദേശകാര്യ സഹമന്ത്രി വി കെ സിങിനെ ചുമതലപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചു. രാജ്യത്തെ ആഫ്രിക്കന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുഷമ വ്യക്തമാക്കി.
രാജ്യത്തെ നഗരങ്ങളില്‍ പഠിക്കുന്ന ആഫ്രിക്കന്‍ വിദ്യാര്‍ഥികളുമായി വി കെ സിങ് കൂടിക്കാഴ്ച നടത്തും. അവരുടെ സുരക്ഷ സംബന്ധിച്ച ഉറപ്പുകള്‍ നല്‍കുമെന്നും സുഷമ അറിയിച്ചു. വെള്ളിയാഴ്ച മസോണ്ട കേതാഡ ഒലീവിയര്‍ എന്ന 29 കാരനെയാണു ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ മൂന്നംഗസംഘം കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കമാണു കൊലയില്‍ കലാശിച്ചത്. ഇതില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
ഇതേത്തുടര്‍ന്ന് ആഫ്രിക്കന്‍ നയതന്ത്രത്തലവന്‍മാര്‍ യോഗംചേരുകയും പ്രസ്താവന പുറപ്പെടുവിക്കുകയുമായിരുന്നു. ഇന്ത്യയിലേക്കു പഠനത്തിനായി വിദ്യാര്‍ഥികളെ അയക്കരുതെന്ന് ആഫ്രിക്കന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നു നയതന്ത്രത്തലവന്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നു. ഇതിനെതിരേ ശക്തമായ നടപടി വേണമെന്നും ഇന്ത്യയിലെ എറിത്രിയ അംബാസഡര്‍ അലിം സെഹാഗെ വോഡ്മറിയം പറഞ്ഞു. ഇന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ സംഘടിപ്പിക്കുന്ന ആഫ്രിക്കന്‍ ഡേ ആഘോഷം ബഹിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു.
ഗുണ്ടാ ആക്രമണത്തിലാണു യുവാവ് കൊല്ലപ്പെട്ടത്. കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയതായും സുഷമ അറിയിച്ചു.
Next Story

RELATED STORIES

Share it