Idukki local

കൊള്ളപ്പലിശക്കാരെ ചെറുക്കാന്‍ മുട്ടത്ത് അടിയന്തര യോഗം

തൊടുപുഴ: സ്‌കൂള്‍ തുറന്നതോടെ മുട്ടത്ത് ബ്ലേഡ് മാഫിയ സജീവമായതായി പരാതി ഉയര്‍ന്നു.സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കൊള്ളപ്പലിശക്കാരെ ചെറുക്കാന്‍ മുട്ടത്ത് അടിയന്തിര യോഗം ചേര്‍ന്നു. മുട്ടം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി സംരക്ഷണ സമിതി ജനറല്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
സ്‌കൂള്‍ തുറന്നതോടെയാണ് കര്‍ഷകരും കൂലിപ്പണിക്കാരുമായവരെ ലക്ഷ്യമിട്ട് മുട്ടത്ത് പലിശ സംഘം വീണ്ടും സജീവമായത്. കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ ബാഗുകളും കുടകളും മറ്റ് പഠനോപകരണങളും വാങ്ങുന്നതിനായി പണത്തിന് ദാരിദ്ര്യം അനുഭവിക്കുന്നവരാണ് കൂടുതലായും പലിശക്കാരുടെ ഇരകളാവുന്നത്. ഇത്തരക്കാരെ തിരഞ്ഞ് പിടിച്ച് പണം കൊടുക്കുന്നവര്‍ പണത്തിന്റെ തിരിച്ചടവിന് കാലതാമസം വരുന്നതോടെ ഭീഷണിയുടേയും അക്രമത്തിന്റേയും മാര്‍ഗം സ്വീകരിക്കുകയാണ് ചെയ്യുന്നത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട നിരവധിയാളുകള്‍ പലിശ സംഘത്തിന്റെ കെണിയില്‍പ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അനധികൃത പലിശക്കാരെ തുരത്തുക എന്ന ഉദ്ദേശത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നത്. പലിശ ഇടപാടുകളെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കണമെന്ന് യോഗം ഉല്‍ഘാടനം ചെയ്ത ഫാ: ജോണി ജോസഫ് പറഞ്ഞു. പലിശക്കാരുടെ നേതൃത്വത്തില്‍ സി.കെ ബിജു എന്ന നിര്‍ധന തൊഴിലാളിയെ മര്‍ദിച്ചതില്‍ യോഗം പ്രതിഷേധിച്ചു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുട്ടത്ത് ബ്ലേഡ് മാഫിയ പിടിമുറുക്കുകയും പലിശക്ക് ഇരകളാകുന്നവരെ മര്‍ദിക്കുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു.പലിശ നല്‍കാത്തതിന്റെ പേരിലുള്ള അക്രമ പരമ്പരകള്‍ തുടര്‍ന്നതോടെ ജനങ്ങള്‍ സംഘടിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കുകയും ചെയ്തിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ ബോധവല്‍ക്കരണത്തിന്റേയും ചെറുത്ത് നില്‍പ്പിന്റേയും ഫലമായി കുറച്ച് കാലങ്ങളായി ബ്ലേഡ് മാഫിയയുടെ അക്രമം ഇല്ലാതായിരുന്നു. യോഗത്തില്‍ സാമൂഹ്യനീതി സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.ജെ തോമസ്സ് കരിം തുരുത്തേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it