കൊളംബിയ: കുട്ടിപ്പട്ടാളക്കാരെ ഫാര്‍ക് വിമതര്‍ മോചിപ്പിക്കും

ബൊഗോട്ട: കൊളംബിയയിലെ മാര്‍ക്‌സിസ്റ്റ് വിമത വിഭാഗമായ ഫാര്‍ക് തങ്ങളുടെ സായുധസംഘത്തില്‍ നിന്നു കുട്ടിപ്പട്ടാളക്കാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ധാരണയിലെത്തി. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്.
ക്യൂബയിലെ ഹവാനയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ തയ്യാറാക്കിയ മാര്‍ഗരേഖയില്‍ 15 വയസ്സില്‍ താഴെയുള്ളവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തടയുന്നതിനാണു പ്രാധാന്യം നല്‍കിയിരിക്കുന്നത്. യുദ്ധത്തിന്റെ ഇരകളായി പരിഗണിച്ച് കുട്ടികളെ സമൂഹത്തിലേക്കു തിരിച്ചുകൊണ്ടുവരുവാനാണു പദ്ധതിയിട്ടിരിക്കുന്നത്. സായുധസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഉടന്‍ തിരിച്ചു കുടുംബങ്ങളില്‍ ഏല്‍പ്പിക്കും.
കുട്ടികളെ തിരിച്ചറിയാന്‍ സഹായിക്കാമെന്നും ഒളിസങ്കേതങ്ങളില്‍ നിന്ന് അവരെ പുറത്തുകൊണ്ടുവരുമെന്നും ഫാര്‍ക് പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു. കുട്ടികളെ സമൂഹത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സന്നദ്ധരാക്കുന്നതിനായി യുഎന്നിന്റെയും മറ്റു സംഘടനകളുടെയും സഹായം രാജ്യം അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേസമയം എത്രത്തോളം കുട്ടിപ്പട്ടാളക്കാന്‍ ഫാര്‍കില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല. 15 വയസ്സില്‍ താഴെയുള്ള 13 കുട്ടികള്‍ സൈനിക ശ്രേണിയിലുണ്ടെന്ന് ഫാര്‍ക് നേരത്തേ അറിയിച്ചിരുന്നു.
സര്‍ക്കാരിന്റെ ശിശുസുരക്ഷാ ഏജന്‍സി പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ 6000ത്തോളം കുട്ടിപ്പട്ടാളക്കാരാണു സായുധസംഘങ്ങളില്‍ നിന്ന് ഓടിപ്പോന്നത്. ഇതില്‍ 60 ശതമാനവും ഫാര്‍കില്‍ നിന്നായിരുന്നു. അടുത്തയാഴ്ചകരാറില്‍ ഒപ്പുവയ്ക്കുമെന്നാണു കരുതുന്നത്. ഫാര്‍ക് രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റുന്ന വിഷയവും പരിഗണിച്ചുവരികയാണ്.
Next Story

RELATED STORIES

Share it