കൊളംബിയയില്‍ സിക്ക വൈറസ് പടരുന്നു

ബെഗോട്ട: രാജ്യത്ത് 2200 ഓളം ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 20,297 പേര്‍ സിക്ക വൈറസ് ബാധിതരാണെന്ന് കൊളംബിയയില്‍ നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട്. ഇതോടെ ബ്രസീലിനു തൊട്ടുപിന്നില്‍ ഏറ്റവും കൂടുതല്‍ സിക്ക വൈറസ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായി കൊളംബിയ മാറി. ബ്രസീലിലെ പതിനഞ്ച് ലക്ഷം പേരില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ലാറ്റിനമേരിക്കയില്‍ സിക്ക വൈറസ് സ്‌ഫോടനാത്മകമായി വ്യാപിക്കുകയാണ്. ഈ വര്‍ഷം 10 ലക്ഷത്തോളം പേരില്‍ രോഗം പടര്‍ന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ വര്‍ഷം ആറു ലക്ഷം പേര്‍ക്ക് സിക്ക വൈറസ് ബാധിക്കുമെന്നാണ് കൊളംബിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ചു ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാനും വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ നശിപ്പിക്കാനും സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു.
മുന്‍കരുതലായി എട്ടു മാസത്തേക്ക് ഗര്‍ഭധാരണം നീട്ടാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ബ്രസീല്‍ സര്‍ക്കാരും രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കുവാന്‍ അഭ്യര്‍ഥിച്ചിരുന്നു.
Next Story

RELATED STORIES

Share it