Middlepiece

കൊല്‍ക്കത്ത സര്‍ക്കസ് 2016

കൊല്‍ക്കത്ത സര്‍ക്കസ് 2016
X
slug-nattukaryamകൊല്‍ക്കത്ത വിമാനത്താവളത്തില്‍ രാഹുലന്‍ നിറചിരിയോടെ ഇറങ്ങുമ്പോള്‍ അരിവാള്‍ ചുറ്റികയ്ക്കിടയില്‍ കൈപ്പത്തി തിരുകി അസാരം ജനം തടിച്ചുകൂടിയിരുന്നു. കൊള്ളാം, ജനത്തിന് ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെന്നതിന് ഇതില്‍പരം തെളിവെന്ത്? എന്നാല്‍ കൈപ്പത്തി, അരിവാള്‍ ചുറ്റികയ്ക്കിടയില്‍ പിടയുന്നത് അംഗീകരിക്കാനാവില്ല. ചോപ്പന്‍മാര്‍, വല്യേട്ടന്‍ മനോഭാവം ഇപ്പോഴേ തുടങ്ങിയെന്നോ! അവന്മാരും ഞമ്മളും ചക്കരക്കുടവും ചേര്‍ന്ന ഭരണം കിട്ടട്ടെ, അന്ന് കണക്കു തീര്‍ക്കാം. മമതാമ്മയെന്ന ഭദ്രകാളി മലര്‍ന്നടിച്ചുവീഴാന്‍ പോവുകയാണല്ലോ! ഇപ്രകാരം നിരൂപിച്ച് രാഹുലന്‍ അശ്വാരൂഢനായി പഞ്ചനക്ഷത്ര ഹോട്ടലില്‍ പരിവാരസമേതം പറന്നെത്തി. മൂക്കില്ലാരാജ്യത്ത് മുറിമൂക്കുമായി ഒരുകാലം ഭരിച്ച ബുദ്ധഭഗവാന്‍ ഹോട്ടലില്‍ സുസ്‌മേരവദനനായി കാത്തിരിക്കുന്നുണ്ടായിരുന്നു.
''വരൂ വരൂ, രാഹുലന്‍ പുരുഷാ, ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുകയായിരുന്നു.''''
''അതു നന്നായി. കാംഗ്രസ്സും കമ്മ്യൂണിസ്റ്റും ഒന്നിക്കുന്നതില്‍ ആര്‍ക്കും പ്രശ്‌നമൊന്നുമില്ലല്ലോ!''''
''എന്തു പ്രശ്‌നം? ജ്യോതിബസുവും ഇഎംഎസുമൊക്കെ കോണ്‍ഗ്രസ്സായിരുന്നില്ലേ. പോരാത്തതിന് മ്മളെ പൊതുലക്ഷ്യം സോഷ്യലിസവുമാണല്ലോ!''''
''നേരുതന്നെ. അതു ഞാന്‍ മറന്നു. പിന്നെ വേറൊരു കാര്യം. കൈപ്പത്തിയെ അരിവാള്‍ ചുറ്റികകൊണ്ട് വേദനിപ്പിക്കുന്നതു ശരിയാണോ?''''
''പാര്‍ട്ടിക്കകത്ത് ചില തീവ്രവാദികള്‍ കടന്നുകൂടിയിട്ടുണ്ട്. അവന്‍മാരുടെ പണിയാണിത്. മാവോവാദികളാണെന്നാണ് പോളിറ്റ്ബ്യൂറോയ്ക്ക് കിട്ടിയ റിപോര്‍ട്ട്. അവരെ കണ്ടെത്തി തൂക്കിക്കൊല്ലാന്‍ റെഡ് ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്.''''
രാഹുലന്‍-ബുദ്ധന്‍ സംഭാഷണം ഗൗരവസ്വഭാവത്തിലേക്കു കടക്കാനിരിക്കെ, വകതിരിവ് ഒട്ടുമില്ലാതെ വിപ്ലവപ്പാര്‍ട്ടി കാര്യദര്‍ശി ഭീമന്‍ വാസു ഇടിച്ചുകയറി. അനിഷ്ടം മാറ്റിവച്ച് പൊള്ളച്ചിരിയോടെ രാഹുലന്‍ നര്‍മഭാഷണമെറിഞ്ഞു.
''എന്തുണ്ട് ഭീമാ വിശേഷം. യുധിഷ്ഠിരനും അര്‍ജുനനും സുഖംതന്നെയല്ലേ?''''
'''അങ്ങ് ഹാസ്യകലാവല്ലഭനും വല്ലഭനുക്ക് വല്ലഭനുമാണെന്നറിഞ്ഞില്ല.''
''ഇതൊരു സാംപിള്‍ വെടിക്കെട്ട് മാത്രമാണ്. കൗരവരുടെ ശത്രുവായ ഭീമാ. വംഗനാട്ടില്‍ ചിരിയുടെ പൂരമാണ് നാം കാഴ്ചവയ്ക്കാന്‍ പോവുന്നത്. അരിവാളും കൈപ്പത്തിയും കെട്ടിപ്പുണരുന്നതുതന്നെ എത്രമാത്രം പൊട്ടിച്ചിരി പകരുന്ന വികെഎന്‍ നോവലാണ്.'''
കഥ-സംഭാഷണവും സംവിധാനവും നിശ്ചലമാവുന്നുവെന്ന ഘട്ടമെത്തിയപ്പോള്‍ ഭീമന്‍ നിരാശാഭാവം പൂണ്ട് ഒരു ചോദ്യമെറിഞ്ഞു: ''അരുണാചലിനുശേഷം ഉത്തരാഖണ്ഡും കാവിവര്‍ഗീയന്മാര്‍ പിടിച്ചു അല്ലേ?''
''ഉത്തരാഖണ്ഡ് പ്രശ്‌നം നാം ചര്‍ച്ചചെയ്യുന്നത് ശരിയല്ല. കോടതിയിലെ കാര്യം ഹോട്ടലില്‍ ചര്‍ച്ചചെയ്യുന്നത് കോടതിയലക്ഷ്യമാവുമെന്ന് ഭീമനറിയില്ലെന്നോ!''''
അതുപറഞ്ഞ് കോട്ടുവാ അഭിനയിച്ച് രാഹുലന്‍ കണ്ണടച്ചതോടെ ബുദ്ധന്‍, ഭീമന്റെ നേരെ നോക്കി കണ്ണുരുട്ടി. പെട്ടെന്ന് സ്ഥലംവിടാന്‍ ആംഗ്യം കാണിക്കുകയും ചെയ്തു.
പിന്നെ അടൂര്‍ ഗോപാലകൃഷ്ണന്റെ പഴയകാല സിനിമയെ അനുസ്മരിപ്പിക്കുന്ന നീണ്ട നിശ്ശബ്ദത. അപ്പോള്‍ ചെകിടടപ്പിക്കുന്ന സ്‌ഫോടനശബ്ദം കേട്ട് രാഹുലന്‍ ഞെട്ടി എഴുന്നേറ്റു.
''മാവോവാദികളാണോ ബോംബ് പൊട്ടിച്ചത്? ഇവിടെ ഹോട്ടലിലും സൈ്വരമില്ലെന്നായോ?''''
''അത് കാവിവര്‍ഗീയന്മാര്‍ പടക്കം പൊട്ടിച്ചതാണ്. ഉത്തരാഖണ്ഡിലെ കോടതിവിധി ആഘോഷിക്കുകയാണെന്നാണു തോന്നുന്നത്.''''
രാഹുലന്‍ ചെവിപൊത്തി. പിന്നെ മൃദുവായി ചോദിച്ചു: ''എവിടെയാണ് പൊതുയോഗം അറേഞ്ച് ചെയ്തിരിക്കുന്നത്.''
''കഴ്‌സണ്‍ പാര്‍ക്കില്‍.''''
''മ്മക്ക് അങ്ങോട്ടു പോവാം.''''
കഴ്‌സണ്‍ പാര്‍ക്കില്‍ ജനം ശ്വാസംവിടാതെ കാത്തിരിക്കുകയായിരുന്നു.
സ്വാഗതപ്രസംഗകന്‍ ഗിരിപ്രഭാഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ രാഹുലന്‍ മൈക്ക് പിടിച്ചുവാങ്ങി വായതുറന്നു: ''ഇവിടെ 35 കൊല്ലം ഇടതുമുന്നണി ഭരിച്ചു. അഞ്ചുകൊല്ലം മമതാഭദ്രകാളിയും ഭരിച്ചു. ഇവന്മാരുടെ ഭരണംകൊണ്ട് എന്തുണ്ടായി നേട്ടം? ജനം മെലിഞ്ഞുമെലിഞ്ഞ് സൂചിപോലെ ആയി. ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതന്‍മാര്‍ ഇടംകാല് വച്ച് വീഴ്ത്താന്‍ നോക്കി. മ്മള് മുലായനെയും എസ്പി പിള്ളമാരെയും വശത്താക്കി. നല്ല ഭരണം തുടര്‍ന്നു. നന്തിഗ്രാമില്‍ 14 പേരെ ചോപ്പന്‍മാര്‍ വെടിവച്ചുകൊന്നില്ലേ! അതിനാല്‍ ഇത്തവണ ഞങ്ങള്‍ക്കൊരു അവസരം തരൂ! ഇന്ത്യന്‍ നാഷനല്‍ കാംഗ്രസ് കീ ജയ്.''
ഇതുകേട്ട് അമ്പരന്ന ബുദ്ധന്‍, വലിയവായില്‍ വിളിച്ചുകൂവി: ''ഈ യോഗം അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടിരിക്കുന്നു.'' എന്നാല്‍ ജനം അസാരം ആവേശത്തില്‍ ആര്‍ത്തുചിരിച്ചുവെന്ന് പ്രത്യേകം പറയേണ്ടതുമുണ്ട്. ഹ
Next Story

RELATED STORIES

Share it