കൊല്‍ക്കത്ത മേല്‍പ്പാലം ദുരന്തം; തൃണമൂലും ബിജെപിയും കൊമ്പുകോര്‍ക്കുന്നു

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് 24 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വാക്‌പോര്. അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ ഇടതുപക്ഷ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. മുന്‍ സര്‍ക്കാര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് തൃണമൂല്‍ സര്‍ക്കാര്‍ അത് അവസാനിപ്പിക്കാന്‍ ശ്രമിച്ചില്ല. രണ്ടു വിഭാഗവും അഴിമതിയില്‍ മല്‍സരിക്കുകയാണ്- അദ്ദേഹം പറഞ്ഞു. അപകടത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ നഖ്‌വിയുടെ പ്രസ്താവനയ്ക്കു പിന്നില്‍ തിരഞ്ഞെടുപ്പുകാലത്തുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡെറക് ഒ ബ്രിയന്‍ പറഞ്ഞു. സംസ്ഥാനം വിളിച്ചതുകൊണ്ടാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. സൈന്യം രാജ്യത്തിന്റേതാണ്. ബിജെപിയുടേതല്ല- അദ്ദേഹം പറഞ്ഞു.
അതേസമയം, തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 24 ആയി. നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തിന്റെ 60 ശതമാനം ഭാഗമാണ് ബുധനാഴ്ച ഉച്ചയോടെ തകര്‍ന്നത്. അപകടം ദൈവനിയോഗമാണെന്നായിരുന്നു മേല്‍പ്പാല നി ര്‍മാതാക്കളായ ഐവിആര്‍സിഎല്‍ കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.അപകടത്തെതുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു.
പ്രധാന റോഡില്‍ തകര്‍ന്നുവീണ ഭീമന്‍ ലോഹത്തുണ്ടുകളും കോണ്‍ക്രീറ്റ് സ്ലാബുകളും ഉടനെ മാറ്റുമെന്നും സമീപത്തു പഴയ കെട്ടിടങ്ങളുള്ളതിനാല്‍ ബാക്കിയുള്ള അവശിഷ്ടങ്ങള്‍ ഘട്ടംഘട്ടമായാണു നീക്കം ചെയ്യുകയെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രിയുടനീളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പോലിസും ദേശീയ ദുരന്തനിവാരണ സേനയും പങ്കെടുത്തു.
Next Story

RELATED STORIES

Share it