kannur local

കൊല്‍ക്കത്ത ചലച്ചിത്രമേളയില്‍ 'മാലേറ്റം' മല്‍സര വിഭാഗത്തിലേക്ക്

കണ്ണൂര്‍: നാട്ടറിവുകളുടെ സന്ദേശവും പശ്ചിമഘട്ട ജൈവപ്രകൃതിയുടെ ആവശ്യകതയും കേന്ദ്ര പ്രമേയമാക്കി ചാവശ്ശേരി ഗവ. ഇംഗ്ലീഷ് അധ്യാപകന്‍ തോമസ് ദേവസ്യ സംവിധാനം ചെയ്ത 'മാലേറ്റം' കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏഷ്യന്‍ നെറ്റ്പാക് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഏഷ്യയില്‍നിന്നുള്ള എട്ടു സിനിമകളില്‍ ഒന്നായാണു പരിഗണിച്ചത്. ഇന്ത്യയില്‍നിന്ന് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ഏക ചിത്രവും ഇതുതന്നെ. പെനന്‍ വിഷ്വല്‍ ക്രാഫ്റ്റിന്റെ ബാനറില്‍ അമ്പിളി തോമസും പി കെ ബിജുവും ചേര്‍ന്നാണ് മാലേറ്റം നിര്‍മിച്ചത്.
കലോല്‍സവ നാടക വേദിയിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടി സ്വദേശി അനുരാഗാണ് കേന്ദ്ര കഥാപാത്രം. സിനിമാ-സീരിയല്‍ താരം എം ആര്‍ ഗോപകുമാര്‍, വല്‍സല മേനോന്‍, സുര്‍ജിത്ത് ഗോപിനാഥന്‍ തുടങ്ങിയവര്‍ക്കു പുറമെ 70ഓളം കുട്ടികളും ചിത്രത്തില്‍ വേഷമിട്ടു. കൊല്‍ക്കത്ത ഫെസ്റ്റിവലിനു പുറമെ ഡല്‍ഹിയിലെ 'മാന്‍താന്‍' അവാര്‍ഡിലേക്കും, ബംഗളൂരു ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുത്തായി അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തോമസ് ദേവസ്യ, ജലീല്‍ ബാദുഷ, പി കെ ബിജു, അമ്പിളി തോമസ്, ശരണ്യ പങ്കെടുത്തു.
Next Story

RELATED STORIES

Share it