കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയാണ് കുമ്മനം: ഇ അബൂബക്കര്‍

കാസര്‍കോട്: കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതു പോലെയാണ് കുമ്മനത്തെ അമിത്ഷാ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കിയതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍ പറഞ്ഞു. വര്‍ഗീയ ഭീകരതയ്‌ക്കെതിരേയുള്ള എസ്ഡിപിഐ കാംപയിനായ നിവര്‍ന്നു നില്‍ക്കുക, മുട്ടിലിഴയരുത് എന്ന പ്രമേയത്തില്‍ നടന്ന റാലിയുടെ പൊതുസമ്മേളനം അണങ്കൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ വര്‍ഗീയത കേരളത്തില്‍ വ്യാപിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. എന്നാല്‍, കേരള മണ്ണില്‍ ആര്‍എസ്എസിന്റെ കളി വിലപ്പോവില്ല. ജനങ്ങള്‍ ഈ ഭീകരസംഘത്തെ ഇല്ലായ്മ ചെയ്യും. സഹിഷ്ണുതയുടെ ഇന്ത്യക്കായി ഫാഷിസ്റ്റ്മുക്ത ഇന്ത്യ കെട്ടിപ്പടുക്കലാണ് എസ്ഡിപിഐയുടെ ലക്ഷ്യം. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ കൊല്ലുകയും അതിക്രമം നടത്തുകയും ചെയ്യുമ്പോള്‍ നിവര്‍ന്നു നില്‍ക്കാനാണ് എസ്ഡിപിഐ ആഹ്വാനം ചെയ്യുന്നത്.
രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നു. പശുവിന്റെ പേരില്‍ യുദ്ധം തുടങ്ങിയിരിക്കുകയാണ്. മോദി സമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പാകിസ്താനില്‍ പോലും പോവുന്നത്. മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം വിദേശകാര്യമന്ത്രി പോലും അറിഞ്ഞിരുന്നില്ല. പാര്‍ലമെന്റില്‍ ഇരുന്ന് ഇദ്ദേഹം സീറ്റ്‌ബെല്‍റ്റ് തിരയുകയാണ്. ലോകംചുറ്റി വിമാനത്തില്‍ സീറ്റ് ബെല്‍റ്റ് മുറുക്കിയതിന്റെ ഓര്‍മകളാണ് പാര്‍ലമെന്റില്‍ പോലും മോദി പ്രകടിപ്പിക്കുന്നതെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
വെള്ളാപ്പള്ളി യാത്ര നടത്തിയത് വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടായിരുന്നു. ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ചരിത്രത്തെ വളച്ചൊടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മഹാത്മാഗാന്ധി, നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയ വ്യക്തിത്വങ്ങളെ ഇപ്പോള്‍ ചരിത്രത്തിന്റെ പിന്നിലേക്കാക്കുകയാണ്. പകരം ഗോഡ്‌സെയേയും ഗോവാള്‍ക്കറെയുമാണ് ചരിത്രപുരുഷന്മാരായി വാഴിക്കുന്നത്. ബോളിവുഡില്‍പോലും അസഹിഷ്ണുതയ്‌ക്കെതിരേ പ്രതികരിച്ചവരെ ഭീഷണിപ്പെടുത്തി ഒതുക്കിനിര്‍ത്താനാണു ശ്രമിക്കുന്നതെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. നാസറുദ്ദീന്‍ എളമരം, അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്, കെ മുഹമ്മദലി, പി അബ്ദുല്‍ഹമീദ്, എ കെ അബ്ദുല്‍ മജീദ്, ടി കെ കെ ഫൈസി സംസാരിച്ചു. മുസ്തഫ കൊമ്മേരി, എന്‍ മാണി, പി ജമീല, സി എ ഹാരിസ്, പി ആര്‍ കൃഷ്ണന്‍കുട്ടി, സി ടി സുലൈമാന്‍, ബഷീര്‍, ഹംസ വയനാട്, ഷുക്കൂര്‍ മാസ്റ്റര്‍, എ ഫൈസല്‍, സി പി മജീദ് ഹാജി, ഇക്ബാല്‍ ഹൊസങ്കടി, ടി പോക്കര്‍, ഖമറുല്‍ ഹസീന, യു കെ ഡയസി, ബാലസുബ്രഹ്മണ്യന്‍, സല്‍മ, കെ സുഫീറ, ശരീഫ സംബന്ധിച്ചു.
Next Story

RELATED STORIES

Share it