kozhikode local

കൊല്ലപ്പെട്ട അജ്ഞാത യുവാവിനെ തിരിച്ചറിഞ്ഞതായി സൂചന

ബാലുശ്ശേരി: മങ്കയം കിനാലൂര്‍ എസ്റ്റേറ്റ് നിടുംപാറച്ചാലിലെ ആളൊഴിഞ്ഞ റബ്ബര്‍തോട്ടത്തില്‍ മുഖം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ അജ്ഞാത യുവാവിനെ കുറിച്ച് തെളിവുകള്‍ ലഭിച്ചതായി സൂചന. നരിക്കുനി ചമ്പക്കുന്ന് പ്രദേശത്ത് നിന്നും കഴിഞ്ഞ 20 മുതല്‍ യുവാവിനെ കാണാതായതായും സംശയമുണ്ട്. മരുതിന്‍ചുവട് പ്രദേശത്ത് നീരുറവക്ക് സമീപം വെച്ച് മദ്യപിച്ചവര്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും മുളകുപൊടിയും ഉപേക്ഷിച്ചിടത്ത് രക്തതുള്ളികളും പോലിസ് കണ്ടെത്തിയിരുന്നു.
ഇതിന്‌സമീപമുള്ള കാടുകള്‍ വെട്ടിത്തെളിക്കുന്നതിനിടെ ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച തെളിവുകളും പോലിസ് സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണങ്ങളിലും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. നാട്ടുകാരേയും പോലിസ് ഉദ്യോഗസ്ഥരേയും രണ്ടാഴ്ചയിലധികമായി മുള്‍മുനയില്‍ നിര്‍ത്തി തെളിവുകള്‍ ഓരോന്നായി നശിപ്പിച്ച് മുങ്ങിനടന്ന കൊലയാളി സംഘത്തെക്കുറിച്ചും സൂചന ലഭിച്ചതായാണറിവ്. മദ്യം, മയക്കുമരുന്നു, ചീട്ടുകളി നടന്നുവരുന്നതും പ്രദേശത്ത് വര്‍ധിച്ച അനാശാസ്യ പ്രവര്‍ത്തനങ്ങളും ഡ്രൈവിങ് പരിശീലനത്തിന്റെ മറവില്‍ ഊരുചുറ്റുന്നവരും കടന്നുവരുന്നതില്‍ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനിറങ്ങുന്നതിനിടെയാണ് പ്രദേശത്ത് പോലിസിന്റെ അവസരോചിതഇടപെടലുകളുണ്ടായത്.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മറ്റും നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് രാത്രിയില്‍ കണ്ട കാറിനെചുറ്റിപ്പറ്റിയും മൊബൈല്‍ ലൊക്കേഷന്‍ വഴി ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ആളൊഴിഞ്ഞ റബ്ബര്‍ എസ്‌റ്റേറ്റിനകത്ത് മരുതിന്‍ചുവട്, കുവ്വപ്പറ്റ, വാരിമല, മങ്കയം പ്രദേശങ്ങളിലും കൈതച്ചാല്‍, മണിച്ചേരി, കാന്തലാട്, മലമ്പ്രദേശങ്ങളിലും മദ്യവാറ്റുകേന്ദ്രങ്ങളില്‍ വാങ്ങലും വില്‍ക്കലും തകൃതിയാണ്. മദ്യപിച്ചെത്തുന്നവര്‍ ബഹളമുണ്ടാക്കുന്നതും പണം വെച്ച് ചീട്ടുകളിക്കുന്നതും കാരണം മരുതിന്‍ചുവട് മങ്കയം റോഡിലൂടെ യാത്ര ചെയ്യാന്‍ സ്ത്രീകളടക്കമുള്ളവര്‍ ഭയപ്പെടുന്നു. പിടിച്ചുപറിയും മര്‍ദ്ദനവും ഭയന്ന് ഓട്ടം വിളിച്ചാല്‍ പോലും പ്രദേശത്തേക്ക് ഓട്ടോറിക്ഷാ, ടാക്‌സി വാഹനങ്ങള്‍ ഓട്ടംവരാനും മടിക്കുന്നത് മങ്കയത്തുകാരുടെ ഇന്നത്തെ ദുരവസ്ഥയാണ്.
സമാനമായ രീതിയില്‍ പ്രദേശത്ത് നടമാടിയ കൊലപാതകങ്ങളിലും ഇപ്പോള്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നു. മരുതിന്‍ചുവട് പ്രദേശത്ത് മദ്യപര്‍ക്ക് സഹായമെന്നോണം നീരുറവയില്‍ വെള്ളംലഭ്യമാകുന്നത് മുതലാക്കുന്നവര്‍ പലപ്പോഴായും വാഹനങ്ങളിലും മറ്റുമെത്തി റോഡരികില്‍ സംഘം ചേരുന്നത് പതിവാണ്. ഒഴിഞ്ഞ മദ്യക്കുപ്പിയും മുളകുപൊടിയും രക്തക്കറയും കണ്ടത് മരുതിന്‍ചുവട്ടിലായിരുന്നെങ്കിലും യുവാവിന്റെ പാതി കത്തിക്കരിഞ്ഞ മൃതശരീരം കണ്ടത് നിടുംപാറച്ചാലിലെ റബ്ബര്‍ തോട്ടത്തിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടവും മറ്റും പരിശോധനകളിലും ലഭ്യമായ തെളിവുകള്‍ പുകശ്വസിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു. ക്രൂരവും പൈശാചികവുമായിട്ടാണ് യുവാവിനെ കൊലപ്പെടുത്തിയത്.പ്രതികള്‍ക്ക് തക്കതയാ ശിക്ഷ ലഭിക്കണമെന്നാണ് നാട്ടുകാരുടേയും മറ്റും ആവശ്യം. മരുതിന്‍ചുവടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറി ആള്‍ത്താമസമില്ലാത്ത നിടുംപാറച്ചാലില്‍ മുഖം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട യുവാവിന്റെ രേഖാചിത്രത്തില്‍ നിന്നും ലഭ്യമായ സമാനമുഖമാണ് കൊല്ലപ്പെട്ടത് ആരാണെന്നറിയാന്‍ സാധ്യമായത്.
ഭാര്യയുമായി അകല്‍ച്ചയിലായിരുന്ന യുവാവിനെക്കുറിച്ചന്വേഷിച്ചത് ചമ്പക്കുന്ന് സ്വദേശി രാജനെ കഴിഞ്ഞ 20 മുതല്‍ കാണാതായതായി ബന്ധുക്കള്‍ പറഞ്ഞു. യുവാവിനെ മദ്യം കഴിപ്പിച്ചും മറ്റും പ്രലോഭിപ്പിച്ച് അനുനയത്തില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് മങ്കയത്തെ യുവാവടക്കം മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവരുന്നുണ്ട്. താമരശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറും ബാലുശ്ശേരി സിഐ കെ കെ വിനോദുമടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനാവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മങ്കയം ആക്ഷന്‍ കമ്മിറ്റിയും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it