കൊല്ലത്ത് എസ്എന്‍ഡിപി-ബിജെപി സഖ്യം പാളി

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: എസ്എന്‍ ട്രസ്റ്റിന്റെ ആസ്ഥാനം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന കൊല്ലത്ത് എസ്എന്‍ഡിപി-ബിജെപി സഖ്യം പാളി. എസ്എന്‍ഡിപി സ്ഥാനാര്‍ഥികള്‍ക്കെതിരേ ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന കാഴ്ചയാണു ജില്ലയില്‍. സഖ്യം തകര്‍ന്നതോടെ സ്വന്തം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നിടത്ത് ഒഴികെ മനസ്സാക്ഷി വോട്ടിന് അണികള്‍ക്ക് എസ്എന്‍ഡിപി രഹസ്യനിര്‍ദേശം നല്‍കിക്കഴിഞ്ഞു.
കൊല്ലം കോര്‍പറേഷനില്‍ രണ്ടു ഡിവിഷനുകളില്‍ എസ്എന്‍ഡിപിയും ബിജെപിയും പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. കുളത്തൂപ്പുഴ, ഏരൂര്‍ പഞ്ചായത്തുകളിലും സമാന അവസ്ഥയാണ് നിലവിലുള്ളത്.
കൊല്ലം കോര്‍പറേഷനില്‍ മൂന്നു സീറ്റുകളിലാണ് എസ്എന്‍ഡിപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോളജ് ഡിവിഷന്‍, ഇരവിപുരം, പുന്തലത്താഴം എന്നിവിടങ്ങളിലാണ് എസ്എന്‍ഡിപി മല്‍സരിക്കുന്നത്. ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തിയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. എസ്എന്‍ഡിപി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നിടത്തു സഹായിച്ചാല്‍ മറ്റു ഡിവിഷനുകളില്‍ തിരിച്ചും സഹായിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍, എസ്എന്‍ഡിപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു തൊട്ടുപിറകെ ഇരവിപുരം ഒഴികെയുള്ള സ്ഥലങ്ങളില്‍ ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.
ഒറ്റയ്ക്കു മല്‍സരിച്ച് നിലമെച്ചപ്പെടുത്താന്‍ കഴിയുമെന്ന അഭിപ്രായം ഉയര്‍ന്നതോടെയാണ് ബിജെപി എസ്എന്‍ഡിപി ബാന്ധവം ഉപേക്ഷിച്ച് തനിച്ചു മല്‍സരിക്കാന്‍ തയ്യാറായത്. മറ്റു ഡിവിഷനുകളില്‍ നിന്ന് വ്യത്യസ്തമായി കോളജ് ഡിവിഷനിലും പുന്തലത്താഴത്തും ബിജെപി തങ്ങള്‍ക്കെതിരേ വലിയ പ്രചാരണം നടത്തുന്നതായി ആരോപിച്ച് എസ്എന്‍ഡിപി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം കോര്‍പറേഷനിലെ ബിജെപി-എസ്എന്‍ഡിപി പോര് സംബന്ധിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനോട് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. പുനലൂര്‍, കൊട്ടാരക്കര യൂനിയനുകള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ നേരത്തേ ആലോചിച്ചിരുന്നെങ്കിലും ഇവിടങ്ങളില്‍ പലയിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ എസ്എന്‍ഡിപിക്കു കഴിഞ്ഞിട്ടില്ല.
കൊല്ലം കോര്‍പറേഷനു പുറമെ കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് വാര്‍ഡിലും ഏരൂര്‍ പഞ്ചായത്തിലെ നെട്ടയം വാര്‍ഡിലും എസ്എന്‍ഡിപി-ബിജെപി സ്ഥാനാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it