Districts

കൊല്ലത്തെ തോട്ടംമേഖല നിശ്ചലം

അയ്യൂബ് സിറാജ്



കൊല്ലം: അമ്പനാട് എസ്റ്റേറ്റില്‍ ആരംഭിച്ച സമരം മറ്റ് പ്ലാന്‍േഷനുകളിലേക്കും വ്യാപിച്ചതോടെ ജില്ലയിലെ തോട്ടംമേഖല പൂര്‍ണമായി സ്തംഭിച്ചു. സപ്തംബര്‍ 16ന് അമ്പനാട് എസ്റ്റേറ്റില്‍ ആരംഭിച്ച സമരമാണ് 5000 തൊഴിലാളികള്‍ പങ്കെടുക്കുന്ന ശക്തമായ നിലയിലേക്കെത്തിയത്. ഇടതു- വലത് ട്രേഡ് യൂനിയനുകള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രക്ഷോഭത്തില്‍ അണിചേര്‍ന്നപ്പോള്‍ മലയോര മേഖല ഇതുവരെ കാണാത്ത സമരത്തിനാണ് ജില്ലയുടെ കിഴക്കന്‍ പ്രദേശം സാക്ഷിയാവുന്നത്. മൂന്നാറില്‍ അരങ്ങേറിയതുപോലെ സ്ത്രീതൊഴിലാളികള്‍ സംഘടിക്കുമോയെന്ന ഭീതിയാണ് ഇരു മുന്നണികളെയും സമരത്തിന്റെ ഭാഗമാക്കുന്നത്.

ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു. ട്രേഡ് യൂനിയനുകള്‍ വ്യത്യസ്ത സ്ഥലങ്ങളിലായി പന്തല്‍ കെട്ടി നിരാഹാരമനുഷ്ഠിക്കുകയാണ്. 2850 ഏക്കറില്‍ സ്ഥിതിചെയ്യുന്ന അമ്പനാട് എസ്റ്റേറ്റിലാണ് അവകാശ നിഷേധങ്ങള്‍ക്കെതിരേ ജില്ലയിലെ ആദ്യസമരം അരങ്ങേറിയത്. ഒരവസരത്തിലും ഒരുവിധ ചര്‍ച്ചയ്ക്കും മുന്നോട്ടു വരാതിരുന്ന ഉടമകള്‍ സമരത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍, ദിനംപ്രതി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയും ജനപ്രതിനിധികള്‍ സമരത്തില്‍ സാന്നിധ്യമറിയിക്കുകയും ചെയ്തതോടെ 700ഓളം തൊഴിലാളികളുള്ള അമ്പനാട്ടെ സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. സപ്തംബര്‍ 25നാണ് തെന്‍മല വാലിയിലെ ഹാരിസണ്‍സ് എസ്റ്റേറ്റില്‍ സമരം തുടങ്ങിയത്.

27 മുതല്‍ പൊതുമേഖലാ സ്ഥാപനമായ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍, തെന്‍മല റിയ എസ്റ്റേറ്റ് എന്നിവിടങ്ങളിലേക്കു സമരം വ്യാപിച്ചു. 30ന് എ.വി.ടി. ചാലിയക്കര എസ്റ്റേറ്റിലും പുനലൂര്‍ ബി ബി എസ്റ്റേറ്റിലും ഗുഡ്‌ഹോപ്പിലും സമരം തുടങ്ങി. ഇതിനിടയില്‍ ദേശീയപാത ഉപരോധവും പ്രതിഷേധ പ്രകടനവും അരങ്ങേറി. പത്തു വര്‍ഷമായി എട്ടു ശതമാനം നല്‍കുന്ന ബോണസ് 20 ശതമാനമായി ഉയര്‍ത്തുകയെന്നതാണ് അമ്പനാട്ടെ തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. തേയില ഡിവിഷനിലെ  232 രൂപ ശമ്പളവും റബര്‍ ഡിവിഷനിലെ 317 രൂപയും 500 ആക്കണമെന്നതും ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.

ട്രാവന്‍കൂര്‍ ടീ ആന്റ് റബര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള അമ്പനാട് എസ്റ്റേറ്റില്‍ കൂടുതലും തമിഴ്‌നാട്ടില്‍ നിന്നുള്ള പട്ടികജാതിക്കാരാണ്. തൊഴിലാളികളുടെ ചികില്‍സയും താമസവുമടക്കമുള്ള പ്രശ്‌നങ്ങളും  രൂക്ഷമാണ്. എത്ര വലിയ അപകടമുണ്ടായാലും ജോലിസ്ഥലത്തു നിന്ന് ട്രാക്ടറിലെത്തിക്കുന്ന, ഡോക്ടറില്ലാത്ത ആശുപത്രിയാണ് ഏക ആശ്രയം. പ്രഥമശുശ്രൂഷ നല്‍കാന്‍ ഒരു നഴ്‌സ് മാത്രമാണുള്ളത്. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം സ്വന്തംചെലവില്‍ വാഹനം വിളിച്ച് പുനലൂരിലോ തിരുവനന്തപുരത്തോ പോവണം. താമസിക്കുന്ന ലയങ്ങളും സ്വന്തംചെലവില്‍ അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയാണെന്നും തൊഴിലാളികള്‍ പറയുന്നു. മൂന്നാര്‍സമര വിജയത്തിന്റെ അടുത്ത ദിവസം ആരംഭിച്ച അമ്പനാട്ടു സമരത്തിന് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു തൊഴിലാളികള്‍.
Next Story

RELATED STORIES

Share it