കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം; ഒരാള്‍ക്കു പരിക്ക്

കൊല്ലം: കൊല്ലം കലക്ടറേറ്റിലെ മുന്‍സിഫ് കോടതി വളപ്പില്‍ സ്‌ഫോടനം. സ്റ്റീല്‍ ചീളുകള്‍ മുഖത്തേക്കു തെറിച്ച് ഒരാള്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 10.40ഓടെയാണു സംഭവം. കുണ്ടറ മുളവന സ്വദേശിയും ഡിസിസി അംഗവുമായ നീരൊഴിക്കല്‍ സാബുവിനാണു പരിക്കേറ്റത്. പ്രാണരക്ഷാര്‍ഥം ഇയാള്‍ മുന്‍സിഫ് കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ ലേബര്‍ ഓഫിസിന് സമീപം നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ കെഎല്‍1 ജി 603 എന്ന നമ്പറിലുള്ള പഴയ ജീപ്പില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തീഗോളം ഉയര്‍ന്നതായും വെടിമരുന്നിന്റെ ഗന്ധം പരന്നതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ജീവനക്കാരും കോടതിയില്‍ എത്തിയവരുമടക്കം നിരവധിപേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. പ്രഹരശേഷി കുറഞ്ഞ ബോംബായതിനാലാണു കൂടുതല്‍ ആളപായം ഉണ്ടാവാതിരുന്നതെന്ന് പോലിസ് പറഞ്ഞു. ബോംബ്-ഡോഗ് സ്‌ക്വാഡുകളും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
സ്റ്റീല്‍ ചീളുകള്‍, വെടിമരുന്നിന്റെ അംശം, സ്റ്റീല്‍ പ്ലേറ്റുകള്‍, 15ഓളം ബാറ്ററികള്‍ എന്നിവ കണ്ടെടുത്തു. ടിഫിന്‍ ബോക്‌സിനുള്ളില്‍ ഡിറ്റണേറ്റര്‍ ഘടിപ്പിച്ചു നിര്‍മിച്ച ബോംബില്‍ സമയം സെറ്റ് ചെയ്തിരുന്നു. സ്‌ഫോടനം ആസൂത്രിതമാണെന്ന നിഗമനത്തിലാണു പോലിസ്. കലക്ടറേറ്റില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായും കണ്ടെത്തി.
സംഭവസമയം കലക്ടറേറ്റിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സ്‌ഫോടനമുണ്ടായ സ്ഥലത്ത് രണ്ടു നിരീക്ഷണ കാമറകള്‍ ഉണ്ടായിരുന്നു. ഇതും പ്രവര്‍ത്തനക്ഷമമല്ല. മറ്റ് അഞ്ച് കാമറകളുടെയും റിക്കാര്‍ഡിങ് ഓഫ് ചെയ്തിട്ടിരിക്കുകയാണെന്നും കണ്ടെത്തി. ആട് ആന്റണി പ്രതിയായ കൊലക്കേസിന്റെ വിചാരണയാണു കോടതിയില്‍ നടന്നുവരുന്ന പ്രധാന കേസ്. ഇതുമായി സംഭവത്തിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പോലിസ് പരിശോധിച്ചുവരികയാണ്.
ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോ, എസിപി കെ ലാല്‍ജി എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഗൗരവതരം: ഐജി മനോജ് എബ്രഹാം
കൊല്ലം: കലക്ടറേറ്റ് മുന്‍സിഫ് കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തില്‍ എട്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങി.
സംഭവത്തെ ഗൗരവതരമായി കാണുന്നതായി സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം പറഞ്ഞു. പ്രഹരശേഷി കുറഞ്ഞ ബോംബാണു പൊട്ടിയത്. ബോംബ് പരിശോധിച്ചതില്‍ ഇതിന്റെ നിര്‍മാണത്തില്‍ പ്രാഗല്‍ഭ്യമുള്ളവരുടെ സാന്നിധ്യം തെളിയുന്നുണ്ട്.
പ്രതികളുടെ ഉദ്ദേശ്യം എന്തെന്നു വ്യക്തമല്ല. പ്രത്യേകമൊരു സംഘത്തെ മാത്രമായി സംശയിക്കുന്നില്ല. പരീക്ഷണാടിസ്ഥാനത്തില്‍ സ്‌ഫോടനം നടത്തിയതായി തോന്നുന്നു. എല്ലാ സാധ്യതകളെയും കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it