Kerala

കൊലയാളി കാണാമറയത്ത്; സൂചന ലഭിച്ചില്ലെന്ന് പോലിസ്

കൊലയാളി കാണാമറയത്ത്;  സൂചന ലഭിച്ചില്ലെന്ന് പോലിസ്
X
jisha

[related]

കൊച്ചി: ദലിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരാഴ്ചയായിട്ടും ഘാതകനെ പിടികൂടാനായില്ല. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സര്‍ക്കാരിനും ഉത്തരംമുട്ടി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വൈകാതെ പിടികൂടുമെന്നുമുള്ള നിലപാടിലാണ് പോലിസ്. ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി. സംഘം ഇന്നലെ ജിഷയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തി.
കഴിഞ്ഞദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്തവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് ഏകദേശം വ്യക്തമായതോടെ അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കു കേന്ദ്രീകരിച്ചിരിക്കുകയാണ്. ജിഷയുടെ വീടുനിര്‍മാണത്തിനെത്തിയ പശ്ചിമബംഗാള്‍ സ്വദേശി അടക്കം രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരിലൊരാള്‍ ജിഷയുടെ ഫോണിലേക്ക് ഒമ്പതുതവണ വിളിച്ചിരുന്നതായി ബോധ്യപ്പെട്ടു. സംഭവസ്ഥലത്തുനിന്നു ലഭിച്ച രക്തക്കറ പുരണ്ട ചെരിപ്പ് നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്നു വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയുടെ അടുക്കലെത്തിച്ച് തിരിച്ചറിയാനുള്ള ശ്രമം പോലിസ് നടത്തിയിരുന്നു. ഇരുവരെയും എഡിജിപി കെ പത്മകുമാര്‍, ഐ ജി മഹിപാല്‍ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആലുവയിലെ പോലിസ് ക്ലബ്ബില്‍ ചോദ്യംചെയ്തു. ജിഷയുമായി മുന്‍പരിചയമുള്ളയാളാണ് കൊലനടത്തിയതെന്നാണ് പോലിസിന്റെ നിഗമനം. പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും ജോലിചെയ്യുന്ന ഇതരസംസ്ഥാനക്കാരുടെ വിവരങ്ങള്‍ പോലിസ് ശേഖരിച്ചുവരികയാണ്. ജിഷയുടെ കൊലപാതകത്തിനുശേഷം മേഖലയില്‍ നിന്ന് ഏതെങ്കിലും ഇതരസംസ്ഥാന തൊഴിലാളികള്‍ അപ്രത്യക്ഷമായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
എഡിജിപി കെ പത്മകുമാര്‍, ഐജി മഹിപാല്‍ യാദവ്, എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും എല്ലാവിധ ശാസ്ത്രീയ പരിശോധനകളും നടത്തുന്നുണ്ടെന്നും ആലുവയില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ഡിജിപി ടി പി സെന്‍കുമാര്‍ പറഞ്ഞു. പോലിസിന്റെ ഭാഗത്തുനിന്ന് കാര്യമായ വീഴ്ച ഉണ്ടായിട്ടില്ല. കുറ്റവാളിയെ കണ്ടെത്താന്‍ എല്ലാവരും പോലിസിനെ സഹായിക്കണമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലതിക കുമാരമംഗലം, ദേശീയ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി എല്‍ പുനിയ, എന്‍സിഎച്ച്ആര്‍ഒ സംഘം തുടങ്ങിയവര്‍ ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു. ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വ്യക്തികളെ മാത്രമേ രാജേശ്വരിയെ ഇനി സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമ പറഞ്ഞു.
Next Story

RELATED STORIES

Share it