കൊലയാളിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

പെരുമ്പാവൂര്‍: ക്രൂര പീഡനത്തിനിരയായി ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. കൊലയാളിയെന്നു സംശയിക്കുന്ന യുവാവിന്റെ വീഡിയോദൃശ്യം പോലിസിന് ലഭിച്ചു. പെരുമ്പാവൂര്‍ വട്ടോളിപ്പടി ജങ്ഷനിലെ വളം, കീടനാശിനി വില്‍പന കേന്ദ്രത്തിനു മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ഉച്ചയ്ക്ക് ഒരുമണിക്കും 1.30നും ഇടയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ജങ്ഷനില്‍ ബസ്സിറങ്ങിയ ശേഷം കടയുടെ എതിര്‍വശത്തെ ഇടവഴിയിലൂടെ നടന്നുപോവുന്ന ജിഷയെയും തൊട്ടുപിന്നാലെ നീങ്ങുന്ന മഞ്ഞ ഷര്‍ട്ട് ധരിച്ചയാളെയും കാണാം. എന്നാല്‍, പ്രതിയുടെ മുഖം വ്യക്തമല്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലയാളിയെ തിരിച്ചറിയാനാണ് പോലിസ് നീക്കം. നേരത്തെ സാക്ഷികള്‍ നല്‍കിയ മൊഴികളെ സാധൂകരിക്കുന്നതാണു പുതിയ തെളിവുകള്‍. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് മഞ്ഞ ഷര്‍ട്ട് ധരിച്ചയാള്‍ ജിഷയുടെ വീടിനടുത്ത കനാല്‍ വഴി വൈകീട്ട് നടന്നുപോയതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ സംഭവദിവസം പ്രദേശത്ത് നിരീക്ഷണം നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാമറയിലെ ദൃശ്യങ്ങളും പോലിസ് പരിശോധിച്ചിരുന്നെങ്കിലും തെളിവ് ലഭിച്ചില്ല. കൊലനടന്ന ദിവസം രാവിലെ 11ഓടെ ജിഷ കോതമംഗലത്തേക്കു പോയിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെ മടങ്ങിയ സമയത്താണു കൊലയാളിയെന്നു സംശയിക്കുന്നയാള്‍ ജിഷയുടെ തൊട്ടുപിന്നാലെ നടന്നുവരുന്നതായി സിസിടിവി ദൃശ്യത്തിലുള്ളത്.  ജിഷ പുറത്തുപോവുന്നതു കണ്ടുവെന്നു മൊഴിനല്‍കിയ അയല്‍വാസിയെ പോലിസ് ദൃശ്യം കാണിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദൃശ്യത്തിലെ  പെണ്‍കുട്ടി ജിഷയാണെന്ന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ദിവസം ജിഷ പുറത്തുനിന്നുള്ള ആഹാരം കഴിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. അതിനാല്‍ അന്നേദിവസം പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ്  പരിശോധിച്ചുവരികയാണ്. അതേസമയം, മൃദുസമീപനം ഒഴിവാക്കി കര്‍ശനമായ രീതിയില്‍ ജിഷയുടെ മാതാവ് രാജേശ്വരിയുടെ മൊഴിയെടുക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. ഇതുപ്രകാരം  കഴിഞ്ഞ മൂന്നുദിവസമായി രാജേശ്വരിയെ ചോദ്യംചെയ്തുവരികയാണ്. കേസന്വേഷണത്തിന് സഹായകരമാവുന്ന വിധത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമെന്നു കരുതി സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ഒന്നുരണ്ട് കുറിപ്പുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് അന്വേഷണത്തിനു സഹായകരമല്ലെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it