Kottayam Local

കൊറിയര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

തൊടുപുഴ: ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ മുഖേന കൊറിയര്‍ സര്‍വീസ് നടത്തുന്ന സംരംഭം ഇടുക്കി ജില്ലയില്‍ വിപുലപ്പെടുത്തുന്നു. കെഎസ്ആര്‍ടിസിയും ട്രാക്കോണ്‍ കൊറിയേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡുമായി സംയുക്തമായി ' റീച്ചോണ്‍ ഫാസ്റ്റ് ബസ് ' എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 30 ഡിപ്പോകളില്‍ ഇതിനോടകം സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.
ഇടുക്കിയില്‍ ഇതിനോടകം തൊടുപുഴ ഡിപ്പോയില്‍ മാത്രമാണ് ഉദ്ഘാടനം നടത്തിയത്. സംരംഭം കൂടുതല്‍ വിപുലപ്പെടുത്തുന്ന ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കട്ടപ്പന, കുമളി എന്നീ ഡിപ്പോകളിലും കൊറിയര്‍ സര്‍വീസ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്ന സ്ഥലങ്ങളിലേക്ക് മൂന്ന് കിലോഗ്രാമില്‍ കുറവ് ഭാരമുള്ള വസ്തുക്കള്‍ കൊറിയറായി അയയ്ക്കുന്നതാണ് പദ്ധതി. 250 മില്ലിഗ്രാം വരെ തൂക്കമുള്ളവയ്ക്ക് 28.50 രൂപയും അതില്‍ കൂടുതല്‍ ഭാരമുള്ളവയ്ക്ക് 57 രൂപയുമാണ് ഈടാക്കുന്നത്.
കേരളത്തിനകത്തും പുറത്തും സര്‍വീസ് നടത്തുന്ന റൂട്ടുകളിലേയ്‌ക്കെല്ലാം കൊറിയര്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ ഡിപ്പോ ടു ഡിപ്പോ എന്ന രീതിയില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, പെരിന്തല്‍മണ്ണ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ദുര്‍ഘടമായ സ്ഥലങ്ങളൊഴിച്ച് അയക്കുന്ന അന്ന് തന്നെ കൊറിയര്‍ ഉപയോക്താവിന്റെ പക്കലെത്തിക്കുകയാണ് ലക്ഷ്യം. അയക്കുന്ന വ്യക്തിക്കും പാഴ്‌സല്‍ ലഭിക്കേണ്ട വ്യക്തിക്കും എസ്എംഎസ് അലര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാഴ്‌സലുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ലക്ഷ്യം. ഇതിനായി കേരളത്തിലെ എല്ലാ കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡുകളിലും കൊറിയര്‍ കളക്ഷനും ഡെലിവറിക്കുമായി ട്രാക്കോണിന്റെ ഓഫിസ് പ്രവര്‍ത്തിക്കും.
തുടക്കത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെങ്കിലും സമീപഭാവിയില്‍ തന്നെ 10000 ഔട്ട്‌ലെറ്റുകള്‍, ഫ്രാഞ്ചെസികള്‍, കലക്ഷന്‍ സെന്ററുകള്‍ എന്നിവയിലൂടെ പ്രവര്‍ത്തനം വിപുലീകരിക്കുകയാണു ലക്ഷ്യം. കുറഞ്ഞ സമയംകൊണ്ട് സാധനങ്ങള്‍ എത്തിക്കാമെന്നതിനാല്‍ അത്യാവശ്യ പ്രമാണങ്ങള്‍, അവശ്യ മരുന്നുകള്‍, ആഹാര സാധനങ്ങള്‍ തുടങ്ങി അയയ്ക്കാന്‍ ഈ സേവനം ഏറെ പ്രയോജനകരമാണ്. ഡിപ്പോകളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവില്‍ പുതിയ കലക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത് ലൈസന്‍സ് നല്‍കും.
Next Story

RELATED STORIES

Share it