malappuram local

കൊണ്ടോട്ടിയില്‍ മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് ബന്ധം ദൃഢമാവുന്നു; സഹകരണ കാര്‍ഷിക-ഗ്രാമ വികസന ബാങ്ക് ഭരണം യുഡിഎഫിന്

കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് സഹകരണ കാര്‍ഷിക-ഗ്രാമ വികസന ബാങ്ക് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളായ നരസഭാ പരിധിയിലെ ഭൂപണയ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും ഒരുമിച്ചു നിന്നതോടെയാണ് 14ന് നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഒഴിവായത്. എന്നാല്‍, പ്രഖ്യാപനം 14ന് മാത്രമെ ഉണ്ടാവൂ.
13 സീറ്റുള്ള ബാങ്കില്‍ ഇരുപാര്‍ട്ടികളും വേറിട്ട് മല്‍സരിക്കാനായി കച്ചകെട്ടിയിരുന്നെങ്കിലും ലീഗും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തുകയായിരുന്നു. ഇതുപ്രകാരം ഏഴ് സീറ്റ് കോണ്‍ഗ്രസ്സിന് നല്‍കി. രണ്ട് വനിതാ സംവരണമടക്കം ആറ് സീറ്റ് മുസ്‌ലിം ലീഗിനും ലഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക നല്‍കാനുളള അവസാന തിയ്യതി. ശനിയാഴ്ച നടന്ന സൂക്ഷ്മ പരിശോധനയോടെ 13 പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് 14ന് നടത്താനാണ് തീരുമാനിച്ചത്. ഭരണം മുസ്‌ലിംലീഗും കോണ്‍ഗ്രസും പങ്കിടും. കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് സെക്രട്ടറി കെ പി ഷക്കീറും, ലീഗിലെ അഡ്വ.കെ കെ ഷാഹുല്‍ ഹമീദുമായിരിക്കും പ്രസിഡന്റ് പദവിയില്‍. ആദ്യ തവണ കോണ്‍ഗ്രസിനാണ്. മണ്ഡലം ലീഗ് നേതാക്കളായ നസീം പുളിക്കല്‍, സി ടി മുഹമ്മദ, പി കെ സി അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സംവിധാനത്തിലേക്ക് മാറിയത്. നഗരസഭയിലും ഇതിനുള്ള കളമൊരുങ്ങുന്നുണ്ട്.
Next Story

RELATED STORIES

Share it