Pathanamthitta local

കൊട്ടിക്കലാശിച്ചു; ഇനി നിശ്ശബ്ദ പ്രചാരണം

പത്തനംതിട്ട: പെരുമഴയത്തും ചോരാത്ത പോരാട്ടവീര്യം കൊടിക്കെട്ടികയറിയ അന്തരീക്ഷത്തില്‍ പതിനാലാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. ഇനി ശേഷിക്കുന്ന ഒരുനാള്‍ നീണ്ടുനില്‍ക്കുന്ന നിശബ്ദപ്രചാരണം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകള്‍ കയറിയും പ്രധാനവ്യക്തികളെ സന്ദര്‍ശിച്ചും വോട്ടുകള്‍ ഉറപ്പിക്കാനുള്ള അവസാനവട്ട പ്രവര്‍ത്തനമാവും ഇന്നു നടക്കുക.
ജില്ലയിലെ അഞ്ചു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ആവേശകരമായ കൊട്ടിക്കലാശമാണ് അരങ്ങേറിയത്. അവസാനറൗണ്ടിലെ കൂട്ടപ്പൊരിച്ചില്‍ ഒഴിവാക്കിയാല്‍ കാര്യമായ സംഘര്‍ഷമോ അനിഷ്ടസംഭങ്ങളോ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തില്ല. രാവിലെ ഇരുചക്രവാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തിയ സ്ഥാനാര്‍ഥികള്‍ വൈകീട്ട് നാലോടെ മണ്ഡലം ആസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുകയായിരുന്നു.
തുടര്‍ന്ന് വര്‍ണപ്പൊടികള്‍ വിതറിയും കൊടിതോരണങ്ങള്‍ പാറിച്ചും, വാദ്യഘോഷങ്ങള്‍ മുഴക്കിയും കൊട്ടിക്കയറിയ ആവേശത്തെ വേനല്‍മഴയ്ക്കും തണുപ്പിക്കാനായില്ല. ഉച്ചവെയില്‍ കറുത്തിരുണ്ട അന്തരീക്ഷത്തിനു വഴിമാറിയിട്ടും, പെരുമഴ പെയ്തിറങ്ങിയിട്ടും പ്രവര്‍ത്തകരുടെ ആവേശത്തെ തണുപ്പിക്കാനായില്ല. പത്തനംതിട്ടയില്‍ ആബാന്‍ ജങ്ഷന്‍ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയ സ്ഥലങ്ങളില്‍ അതത് മുന്നണികളുടെ പ്രവര്‍ത്തകര്‍ ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെ അലങ്കരിച്ച വാഹനങ്ങളില്‍ ഉച്ചയോടെ തന്നെ അണിനിരന്നു. വൈകീട്ടോടെ പ്രമുഖ നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥികള്‍ ഓരോരുത്തരായി എത്തിയതോടെ അണപ്പൊട്ടിയ ആവേശം, ഇടമുറിയാതെ വൈകീട്ട് ആറുമണിവരെ നീണ്ടു. യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍നായരും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാജോര്‍ജും എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശും പങ്കെടുത്തു.
തിരുവല്ല: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണ പരിപാടിയുടെ അവസാന ദിവസമായ ഇന്നലെ നഗരത്തില്‍ കൊട്ടി കലാശം ആവേശമായി.രണ്ടര മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് മൂന്നരയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉച്ചഭാഷിണി കെട്ടിയ വാഹനങ്ങളില്‍ ആരവങ്ങള്‍ മുഴക്കി നഗരമധ്യത്തിലെത്തി കൊട്ടി കലാശത്തിനു തുടക്കമിട്ടു. തുടര്‍ന്ന് യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകരും എത്തിയതോടെ നഗരം സ്തംഭിച്ചു. ഇതിനിടെ രോഗിയുമായി എത്തിയ ആംബുലന്‍സ് പോലിസ് വഴിതിരിച്ചു വിടുകയായിരുന്നു. പ്രവര്‍ത്തകരുടെ ആരവങ്ങള്‍ക്കിടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസ്, എന്‍ഡിഎ സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് എത്തിയതോടെ ആവേശം ഏറി. കലാശകൊട്ട് വീക്ഷിക്കാന്‍ ആയിരക്കണക്കിന്ന് ആള്‍ക്കാര്‍ എംസി റോഡിന്റെ വശങ്ങളിലും ബഹുനില കെട്ടിടങ്ങളുടെ മുകളിലും നിലയുറപ്പിച്ചിരുന്നു. അടൂര്‍ മണ്ഡലത്തില്‍ അടൂര്‍ ടൗണിലും പന്തളത്തും കൊട്ടിക്കലാശം നടന്നു. കോന്നിയിലും റാന്നിയിലും ആവേശകരമായ അന്തരീക്ഷത്തിലാണ് പരസ്യപ്രചാരണം അവസാനിച്ചത്.
Next Story

RELATED STORIES

Share it