ernakulam local

കൊട്ടിക്കലാശത്തിനിടയില്‍ യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍

കൊച്ചി: കൊട്ടിക്കലാശത്തിനിടയില്‍ യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും.
തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഗതാഗത തടസം മുന്നില്‍കണ്ട് സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും ഇന്നലെ വൈകീട്ട് കൂട്ടത്തോടെ സര്‍വീസ് മുടക്കിയത് യാത്രക്കാരെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്ന് വൈറ്റില ഹബ്ബില്‍ വന്ന ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പെടെയുള്ളവയെ യാത്രക്കാര്‍ തടഞ്ഞിട്ടത് സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ ബസ്സുകള്‍ തടഞ്ഞതോടെ ഇവിടെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപെട്ടത്. പ്രധാനമായും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകാനിരുന്നവരാണ് ബസ്സുകള്‍ തടഞ്ഞിട്ടത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പുലര്‍ച്ചെതന്നെ വിവിധ ഓഫിസുകളിലെത്തേണ്ട സര്‍ക്കാര്‍ ജീവനക്കാരെയും കെഎസ്ആര്‍ടിസിയുടെ നടപടി ദോഷകരമായി ബാധിച്ചു. പലരും രാത്രി വൈകിയാണ് വീടുകളിലെത്തിയത്.
കൊച്ചി നഗരത്തിനകത്തേയും തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ കൊട്ടിക്കലാശവും രണ്ടാം ശനിയാഴ്ചയും കണക്കിലെടുത്ത് മൂവാറ്റുപുഴ ഡിപ്പോ നിരവധി കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇന്നലെ കാന്‍സല്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും എറണാകുളം നഗരത്തിലേക്കുള്ളതായിരുന്നു. ഇന്നലെ വൈകീട്ട് 5.45ന് ശേഷം മൂവാറ്റുപുഴയിലേക്ക് ബസ്സുകള്‍ ഒന്നും വരാതിരുന്നതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്.
ദീര്‍ഘനേരത്തിനുശേഷം എത്തിയ ഈ ഓര്‍ഡിനറി ബസ് എറണാകുളം സ്റ്റാന്റില്‍നിന്നുതന്നെ യാത്രക്കാര്‍ കുത്തിനിറച്ചാണ് വന്നത്. തുടര്‍ന്ന് അരമണിക്കൂറിനുശേഷവും ബസ്സുകള്‍ കാണാതിരുന്നതോടെ യാത്രക്കാര്‍ മറ്റ് ബസ്സുകള്‍ തടഞ്ഞിടുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മേഖലകളിലേക്കുള്ള ദീര്‍ഘദൂര ബസ്സുകളിലെ യാത്രക്കാരും ജീവനക്കാരുമായി വൈറ്റില ഹബ്ബിലെ യാത്രക്കാര്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിഉണ്ടായിരുന്നതിനാല്‍ പോലിസുകാരും ഇവിടെ കുറവായിരുന്നു.
ഹബ്ബിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഘര്‍ഷമുണ്ടാവുമെന്ന് മനസിലാക്കി സ്ഥലംവിട്ടതും യാത്രക്കാരെ പ്രകോപിപ്പിച്ചു. പ്രതിഷേധത്തെതുടര്‍ന്ന് രാത്രി 7.45ന് കെഎസ്ആര്‍ടിസി ബസ് എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ അയവ് വന്നത്. ഈ ബസ്സിലേക്ക് യാത്രക്കാര്‍ ഇടിച്ചുകയറിയതോടെ സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്ക് നേരിയ പരിക്കേറ്റു. വൃദ്ധ ബസ്സിനകത്ത് കുഴഞ്ഞുവീണു.
Next Story

RELATED STORIES

Share it