Kollam Local

കൊട്ടിക്കലാശം ആവേശമായി; വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്

കൊല്ലം/ചവറ: ജനാരവമുയര്‍ത്തിയ കൊട്ടിക്കലാശത്തോടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്നലെ വൈകീട്ട് പരിസമാപ്തിയായി. ഇന്ന് നിശബ്ദ പ്രചരണവും തീരുന്നതോടെ നാളെ രാവിലെ മുതല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് ഒഴുകും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇന്നലെ രാവിലെ മുതല്‍ ജില്ലയിലെമ്പാടും തിരഞ്ഞെടുപ്പിന്റെ ലഹരിയിലായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം കൊല്ലം പട്ടണത്തിലേക്കും ജില്ലയിലെ പ്രധാന നഗരങ്ങളിലും കവലകളിലും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്ഥാനാര്‍ഥികളുടെയും ഒഴുക്കായിരുന്നു. ഇരുമുന്നണികളും മറ്റ് പാര്‍ട്ടികളും വിവിധ കേന്ദ്രങ്ങളില്‍ അണിനിരന്നതോടെ ജില്ലയിലെമ്പാടും ഇന്നലെ കൊട്ടികലാശം ഉല്‍സവമായി. കൊടിയും ചിഹ്നവുമുയര്‍ത്തി എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നിറഞ്ഞിരുന്നു.
കൊല്ലം ടൗണിലും പള്ളിമുക്കിലും അയത്തിലും കൊട്ടിയത്തും ഇന്നലെ കലാശക്കൊട്ടിന്റെ വര്‍ണപ്പൊലിമയില്‍ ജനം വീര്‍പ്പടക്കി. വിവിധ പാര്‍ട്ടികളുടെ കൊടിതോരങ്ങളും അലങ്കരിച്ച വാഹനങ്ങളും പട്ടണങ്ങളെ ഉല്‍സവപ്പറുമ്പോലെ കണ്ണിന് ഇമ്പമുള്ളതാക്കി. വ്യത്യസ്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം മല്‍സരിച്ച് മുദ്രാവാക്യം വിളികളോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തമ്പടിച്ചെങ്കിലും പ്രധാന സ്ഥലങ്ങളിലൊന്നും മറ്റ് പ്രശ്‌നങ്ങളുണ്ടായില്ല. രണ്ടാഴ്ച നീണ്ടു നിന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ബഹളത്തിന് ശേഷം ഇനി നിശബ്ദ പ്രചാരണമാണ്. സ്ഥാനാര്‍ഥികളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇനിയുളള മണിക്കൂറുകള്‍. നിശബ്ദ പ്രചാരണം ആണ് വോട്ടുകള്‍ സ്ഥാനാര്‍ഥികള്‍ക്കനുകൂലമാക്കുന്നത്.
അടിയോഴുക്കുകള്‍ നടക്കുന്ന മണിക്കൂറുകളാണ് ഇനിയത്തേത്. ഇത് സ്ഥാനാര്‍ഥികളെ വലയ്ക്കുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ വേണ്ടി ശക്തമായ സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ ഉറക്കം ഒഴിഞ്ഞ് പോലും പ്രവര്‍ത്തകര്‍ ജാഗരൂകരാവും. സംശയാസ്പദമായ വോട്ടുകള്‍ ഉറപ്പിക്കുന്നതിനും പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പെടെ തങ്ങള്‍ക്കനുകൂലമാക്കാനും നേരിട്ടും ഫോണ്‍ വഴിയും ശ്രമം തുടങ്ങി. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമ—ങ്ങളിലാണ് കൊട്ടികലാശം ദൃശ്യമായത്. തൃകോണ മല്‍സരങ്ങള്‍ നിലനില്‍ക്കുന്ന മണ്ഡലങ്ങള്‍ ഉല്‍സവ പ്രതീതിയിലാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും സമയക്ലിപ്തത പാലിക്കാനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാരും പോലിസുകാരും വിവിധ ഇടങ്ങളില്‍ നിരീക്ഷകരായിരുന്നു.
പത്തനാപുരം: മലയോര മേഖലയായ പത്തനാപുരത്തെ കൊട്ടിക്കലാശം ആവേശത്തിന്റെ കൊടിമുടികയറിയാണ് അവസാനിച്ചത്. ശബ്ദ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ പത്തനാപുരത്ത് തലങ്ങും വിലങ്ങും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബി.ജെ.പിയുടേയും പ്രചാരണ വാഹനങ്ങളുടെ പ്രകമ്പനത്താല്‍ മുഖരിതമായി മാറിയിരുന്നു.
ഗ്രാമ വീഥികളെ ഇളക്കി മറിച്ച വാഹനങ്ങളെല്ലാം ഒടുവില്‍ വന്ന് ചേര്‍ന്നതോടെ നഗരം ഏതാണ്ട് നാല് മണി മുതല്‍ തന്നെ ശബ്ദമുഖരിതമായി മാറി. കുന്നിക്കോട്, പട്ടാഴി, അലിമുക്ക്, കടുവാത്തോട്, രണ്ടാലുംമൂട് തുടങ്ങിയ ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനങ്ങളും ശബ്ദമുഖരത്താല്‍ നിശ്ചലമായിരുന്നു.
Next Story

RELATED STORIES

Share it