Kollam Local

കൊട്ടാരക്കരയില്‍ റിങ്‌റോഡും സമാന്തരപാതയും: വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി

കൊട്ടാരക്കര: ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന് കൊട്ടാരക്കരയില്‍ റിങ്‌റോഡും സമാന്തരപാതയും നിര്‍മിക്കുമെന്ന ഭരണാധികാരികളുടെ വാഗ്ദാനങ്ങള്‍ പാഴ് വാക്കായി. അതിരൂക്ഷമായ ഗതാഗതകുരുക്കില്‍ വീര്‍പ്പു മുട്ടുകയാണ് ഓരോ നിമിഷവും കൊട്ടാരക്കര ടൗണ്‍.

ഗതാഗത പ്രശ്‌നം മൂലം വീര്‍പ്പുമുട്ടുമ്പോള്‍ വിളിച്ചു ചേര്‍ക്കുന്ന ജനകീയ സമിതികളിലും പൊതു വേദികളിലും എംപിയും എംഎല്‍ എയും പല തവണ ആവര്‍ത്തിച്ചിട്ടുളളതാണ് റിങ്‌റോഡും സമാന്തര പാതയും. എന്നാല്‍ ഇതിനായി ഒരു ചുവടു പോലും മുന്നോട്ടു പോകാന്‍ ഇരുവര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. റിങ് റോഡിനുളള സാധ്യത പഠനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അടുത്തിടെയും പറയുകയുണ്ടായി എന്നാല്‍ പ്രത്യക്ഷത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കൊല്ലം-തിരുമംഗലം ദേശീയപാതയും എംസി റോഡും കൊട്ടാരക്കര ടൗണ്‍ വഴി കടന്നുപോകുന്നതിനാല്‍ ഏതു സമയത്തും ഇടതടവില്ലാത്ത വാഹനപ്രവാഹമാണ്. തിരുവനന്തപുരം - കോട്ടയം ഭാഗത്തേക്കും കൊല്ലം -തമിഴ്‌നാട് ഭാഗത്തേക്കും വാഹന പ്രവാഹമാണ് കൊട്ടാരക്കര വഴി. ഇതോടൊപ്പം തദ്ദേശിയ വാഹനങ്ങളും കൂടി ചേരുമ്പോള്‍ ഈ പട്ടണത്തിനു താങ്ങാന്‍ കഴിയാത്ത വിധമാണ് വാഹനബാഹുല്യം. ഇതു മൂലം അടിക്കടി വാഹനകുരുക്കും ഗതാഗത സ്തംഭനവും അനുഭവപ്പെടുന്നു.
പ്രധാനപാതകള്‍ വഴി ടൗണില്‍ പ്രവേശിക്കുന്ന ഒരു വാഹനത്തിന് ടൗണ്‍വിട്ടുപോകണമെങ്കില്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും നഷ്ടമാവും. അത്യാവശ്യ കാര്യങ്ങള്‍ക്കായി തലസ്ഥാനത്തേക്കു പോകുന്നവരും അത്യാസന്ന നിലയില്‍ ചികില്‍സക്കു പോകുന്നവരുമാണ് ഈ കരുക്കില്‍ പെട്ടു വലയുന്നത്. ടൗണില്‍ എം സി റോഡിനും ദേശീയപാതക്കും സമാന്തരമായി റോഡു നിര്‍മിച്ചാല്‍ ഈ പ്രശ്‌നം ഏറെക്കുറെ പരിഹരിക്കാന്‍ കഴിയും.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ സമാന്തരപാതവഴി ലക്ഷ്യസ്ഥാനത്തേക്കു പോകാന്‍ സാധിക്കും. സമാന്തര പാത നിര്‍മിക്കുന്നതിന് വലിയ സാമ്പത്തികം കണ്ടെത്തേണ്ടിവരും. സ്ഥലമേറ്റെടുക്കലിനും നിര്‍മാണ പ്രവര്‍ത്തനത്തിനും വന്‍ തുക സമാഹരിക്കേണ്ടിവരും.
സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കേന്ദ്രസഹായത്തോടെ മാത്രമെ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. എന്നാല്‍ ഇതിനായുളള പ്രാരംഭ നീക്കങ്ങള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. റിങ് റോഡിനു ലക്ഷ്യമിട്ടാലും ഇതേ രീതിയിലുളള നടപടിക്രമങ്ങളിലൂടെ മാത്രമെ അത് സാധ്യമാക്കാന്‍ കഴിയു. പഴയ കൊല്ലം - ചെങ്കോട്ട റോഡു പുനരുദ്ധരിച്ച് ദേശീയപാതക്ക് സമാന്തര റോഡു നിര്‍മിക്കാനുളള ശ്രമങ്ങളും തടസപ്പെട്ടു കിടക്കുന്നു.
റോഡു ഭാഗികമായി പുനരുദ്ധരിക്കുകയും പുലമണ്‍ തോടിനു കുറുകെ പാലം നിര്‍മിക്കുകയും ചെയ്തിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡു കൈയേറി നിര്‍മിച്ച കെട്ടിടം ഇതിനു തടസമായി നിലനില്‍ക്കുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം ഈ റോഡു പുനരുദ്ധാരണം നിയമക്കുരുക്കില്‍ പെട്ട് തടസപ്പെടുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അത് ഫലപ്രാപ്തിയിലെത്തിക്കാന്‍ കാര്യമായ ഇടപെടലുകള്‍ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
Next Story

RELATED STORIES

Share it