kozhikode local

കൊടുവള്ളിയില്‍ അടിയൊഴുക്കുകള്‍ നിര്‍ണായകമായി

താമരശ്ശേരി: കൊടുവള്ളിയില്‍ ഇടതുമുന്നണിയുടെ അട്ടിമറി വിജയത്തിനു പിന്നില്‍ അടിയൊഴുക്കുകള്‍ നിര്‍ണ്ണായകമായി. ലീഗിലെ ഉമ്മര്‍ മാസ്റ്റര്‍ ഗ്രൂപ്പിന്റെ വോട്ടുകളാണ് കാരാട്ട് റസ്സാഖിന്റെ വിജയത്തിനു ഹേതുവായത്. ഇതിനു പുറമേ കാന്തപുരം വിഭാഗത്തിന്റെ പരസ്യമായ പിന്തുണയും പ്രവര്‍ത്തനവും കാരാട്ടിന്റെ അട്ടിമറി വിജയത്തിനു മാറ്റു കൂട്ടുന്നു.
2011ല്‍ വി എം ഉമ്മര്‍ മാസ്റ്റര്‍, സിപിഎമ്മിന്റെ മെഹ്ബൂബിനെ 16552 വോട്ടിന് തോല്‍പിച്ചിടത്താണ് ലീഗ് വിമതന്‍ ഇക്കുറി 573 വോട്ടിനു ജയിച്ചു കയറിയത്. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന എം എ റസ്സാഖ് മാസ്റ്റര്‍ മല്‍സരിക്കുന്നതിനോട് പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുമായി പലരും രംഗത്തുവന്നിരുന്നു. എന്നാല്‍ ലീഗിന്റെ ഉറച്ച കോട്ടയില്‍ ജനവിധിതേടുന്നതില്‍ നേതൃത്വം പച്ചക്കൊടി കാട്ടുകയായിരുന്നു. മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതിനു മുമ്പ് തന്നെ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ കൊണ്ടു പിടിച്ച പ്രചരണം നടന്നിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രചരണത്തില്‍ മുന്നേറാന്‍ യുഡിഎഫിനു കഴിഞ്ഞെങ്കിലും അവസാന ഘട്ടത്തില്‍ കാരാട്ട് തരംഗമാണ് കാണാന്‍ കഴിഞ്ഞത്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മണ്ഡലത്തില്‍ വോട്ടെണ്ണലും ഏറെ ഉദ്വേഗജനകമായിരുന്നു.
ലീഗ് കോട്ടകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണുമ്പോഴും കാര്യമായ മേല്‍ക്കൈ നേടാന്‍ റസ്സാഖ് മാസ്റ്റര്‍ക്കായില്ലെന്നത് നേതൃത്വത്തെയും അണികളേയും അമ്പരപ്പിച്ചു. ഉമ്മര്‍ മാസ്റ്ററെ കൊടുവള്ളിയില്‍ നിന്നും അകറ്റിയത് താമരശ്ശേരി പഞ്ചായത്തിലെ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ മലയാളികള്‍ കൂട്ടത്തോടെ ഇരു കൂട്ടര്‍ക്കും വേണ്ടി നാട്ടിലെത്തി വോട്ടവകാശം വിനിയോഗിച്ചതും ഈ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും കൊണ്ടാണ്.
താമരശ്ശേരിയില്‍ നിന്നും ലീഗ് വിട്ട എസ്ടിയു നേതാവ് വി കെ കുട്ടിമോന്റെ സാന്നിധ്യവും പ്രചരണവും വിജയത്തിനുള്ള അനുഭവമായി മാറി. കൊടുവള്ളിയില്‍ ലീഗ് നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും മറ്റുള്ളവരെ അംഗീകരിക്കാത്ത നിലപാടും റസ്സാഖ് മാസ്റ്ററുടെ പരാജയത്തിനുള്ള ഘടകമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it