കൊടുങ്ങല്ലൂര്‍ മേഖലയില്‍ പരക്കെ അക്രമം; ബിജെപി ജില്ലാ ഹര്‍ത്താല്‍ പൂര്‍ണം

തൃശൂര്‍: എടവിലങ്ങില്‍ ബിജെപി പ്രവര്‍ത്തകന്‍ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ആചരിച്ച ഹര്‍ത്താല്‍ പൂര്‍ണം. കൊടുങ്ങല്ലൂര്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ പരക്കെ ആക്രമണം അഴിച്ചുവിട്ടു. എടവിലങ്ങില്‍ സിപിഎമ്മിന്റേയും സിഐടിയുവിന്റേയും ഓഫിസുകള്‍ തല്ലിത്തകര്‍ത്തു തീയിട്ടു. ഓഫിസിലെ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നശിപ്പിച്ചു. ഓഫിസിനകത്തുണ്ടായിരുന്ന കൊടികള്‍ക്കും ബോര്‍ഡുകള്‍ക്കും തീയിട്ടു.
വന്‍ പോലിസ് സംഘത്തെ സാക്ഷിയാക്കിയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. മേഖലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടിനു നേരെയും വാഹനങ്ങള്‍ക്കെതിരേയും ആക്രമണമുണ്ടായി. കൊടുങ്ങല്ലൂര്‍ മേഖലയിലെ അക്രമസംഭവങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ ഏറെക്കുറെ സമാധാനപരമായിരുന്നു.
എടവിലങ്ങില്‍ ഇടത് മുന്നണിയുടെ ആഹ്ലാദപ്രകടനത്തിനിടെ തലയ്ക്കടിേയറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞിയനി വല്ലത്ത് പ്രമോദ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ജില്ലാ നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജില്ലയില്‍ കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. ഓട്ടോ, ടാക്‌സി വാഹനങ്ങളും ഓടിയില്ല. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
നഗരത്തിലെ ജനറല്‍ ആശുപത്രിയിലും, മെഡിക്കല്‍ കോളജാശുപത്രിയിലും തിരക്ക് കുറവായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നടത്തുന്ന കാര്‍ഷിക കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ മണ്ണുത്തി വെറ്ററിനറി കോളജില്‍ തടസ്സം കൂടാതെ നടന്നു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍വകലാശാല നടത്തിയ പൊതുപ്രവേശനപ്പരീക്ഷയും മാറ്റമില്ലാതെ നടന്നു. അക്രമസംഭവങ്ങള്‍ തടയാന്‍ കെടുങ്ങല്ലൂര്‍-മതിലകം പോലിസ് പരിധിയില്‍ ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. കനത്ത പോലിസ് ബന്തവസാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലിസ് തീരദേശ മേഖലകളില്‍ പ്രത്യേക ജാഗ്രത തുടരുന്നുണ്ട്.
Next Story

RELATED STORIES

Share it