thrissur local

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

മാള: വേനല്‍ കടുത്തതോടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. നിയോജക മണ്ഡലത്തിലെ പൊയ്യ, മാള, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ അടക്കമുള്ള ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്.
പതിനഞ്ച് ദിവസത്തിനിടയില്‍ ഒരിക്കല്‍ പോലും പൈപ്പ് വെള്ളം ലഭ്യമാവാത്ത ഒട്ടനവധി പ്രദേശങ്ങളുണ്ട്. ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടു. പല പ്രദേശങ്ങളിലും ഉപ്പുവെള്ള ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കിണറുകളുടെ ആഴം കൂട്ടാനാവാത്ത അവസ്ഥയാണ്.
രണ്ടാഴ്ചയിലൊരിക്കല്‍ പൈപ്പുവെള്ളം എത്തിയാലും ഒട്ടനവധിയിടങ്ങളില്‍ പൈപ്പ് പൊട്ടി ജലം പാഴാവുന്നതിനാല്‍ ജലം ശേഖരിക്കാനാവാത്ത അവസ്ഥയുമുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം നല്‍കാന്‍ സംസ്ഥാന വാട്ടര്‍ അതോറിറ്റിയും ജലനിധിയും പരാജയപ്പെട്ടിരിക്കയാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആരോപിച്ചു.
മുന്‍കാലങ്ങളില്‍ പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് വാഹനങ്ങളില്‍ വെള്ളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകുടവും ഇടപെട്ടിരുന്നു. എന്നാലിപ്പോള്‍ ഗ്രാമപ്പഞ്ചായതുകള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും വെള്ളം വിതരണത്തിന് ഗവണ്‍മെന്റ് തയ്യാറാവുന്നില്ല.
കുടിവെള്ളം നല്‍കാനുള്ള പ്രാഥമിക ഉത്തരവാദിത്വത്തില്‍ നിന്നും ഗവണ്‍മെന്റ് ഒഴിഞ്ഞുമാറുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍ ഡി എഫ്. യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാരിനോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു.
മുന്‍ ജില്ലാ പഞ്ചായത്തംഗം പി കെ ഡേവീസ് മാസ്റ്റര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ ജി ശിവാനന്ദന്‍, കെ വി വസന്തകുമാര്‍, എം രാജേഷ്, അമ്പാടി വേണു, ടി കെ ഉണ്ണികൃഷ്ണന്‍, കെ കെ ഔസേപ്പുണ്ണി, ജോര്‍ജ്ജ് നെല്ലിശ്ശേരി, സന്തോഷ് താണിക്കല്‍, ഡേവീസ് പാറേക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it